അമ്പലപ്പുഴ : ടാങ്കിനുള്ളിൽ വീണുപോയ പോത്തിന് രക്ഷകരായി അഗ്നിരക്ഷാസേന. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് 11-ാം വാർഡിൽ മുരളിമുക്കിന് സമീപം ഇടവനപ്പറമ്പിൽ രാജു വളർത്തുന്ന പോത്തിൻകുട്ടികളിൽ ഒരെണ്ണമാണ് അയൽവീട്ടിനോട് ചേർന്നുള്ള ടാങ്കിൽ വീണത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം.

വ്യാഴാഴ്ച രാവിലെയാണ് പോത്ത് വീണുകിടക്കുന്നത് കണ്ടത്. വീട്ടുകാരും പ്രദേശവാസികളും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് തകഴിയിൽ നിന്ന് അഗ്നിരക്ഷാസേനയെ വിളിച്ചുവരുത്തി.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് കെ.സി.സജീവൻ, ഫയർമാൻമാരായ ധനേഷ്, സംഗീത്, രതീഷ്, ജസ്റ്റിൻ എന്നിവർ ചേർന്ന് വടം ഉപയോഗിച്ച് വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് പോത്തിനെ പുറത്തെത്തിച്ചത്.