അമ്പലപ്പുഴ : പ്രായത്തെ തോൽപ്പിച്ചും കൃഷിപ്പണികളിലേർപ്പെട്ട് വാർത്തകളിൽ ഇടം നേടിയ ഗ്രാമമുത്തശ്ശി വിടവാങ്ങി. വണ്ടാനം നാൽപ്പതിൽ മീനാക്ഷിയാണ് വ്യാഴാഴ്ച അന്തരിച്ചത്. 109 വയസ്സായിരുന്നു. അവിവാഹിതയായ ഇവർ സഹോദരൻ തങ്കപ്പനൊപ്പമായിരുന്നു താമസം.

ഏതാനും വർഷം മുൻപ് വരെ ഇവർ പാടത്തിറങ്ങുകയും കൃഷിപ്പണികളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സംഘടനകളും നിരവധി തവണ ആദരിച്ചിട്ടുണ്ട്. മാതൃഭൂമി മുൻപ് ചിങ്ങമാസം ഒന്നിന് മീനാക്ഷി പാടത്തിറങ്ങുന്നത് വാർത്തയാക്കിയിരുന്നു.

കിടപ്പിലായിട്ടും ഇവർ അവസാനദിവസം വരെ കൊയ്ത്തുപാട്ടുപാടിയിരുന്നതായി സഹോദരന്റെ മകൻ ഷാജി പറഞ്ഞു. സഹോദരങ്ങൾ: തങ്കപ്പൻ, പരേതരായ ഗംഗാധരൻ, കൊച്ചുകുമാരൻ, തങ്കമ്മ. ശവസംസ്കാരം വ്യാഴാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ നടത്തി. സഞ്ചയനം ബുധനാഴ്ച 10ന്.