അമ്പലപ്പുഴ : കരിനിലമേഖലയിൽപ്പെട്ട പുറക്കാട് കൃഷിത്തോട്ടം പാടശേഖരത്തിന്റെ പുറംബണ്ടിലുണ്ടായ ചോർച്ച കർഷകരുടെ സമയോചിത ഇടപെടൽമൂലം പരിഹരിച്ചു. വ്യാഴാഴ്ച രാവിലെയാണ് പാടശേഖരത്തിന്റെ തെക്കേ മോട്ടോർതറയോട് ചേർന്ന് പുറംബണ്ട് ഉള്ളിലേക്ക്‌ തള്ളി വെള്ളം കയറിയത്. കൃഷിപ്പണികളിൽ ഏർപ്പെട്ടിരുന്ന കർഷകർ ഉടൻതന്നെ ഓടിയെത്തി ചെളിയും മണലും കൊണ്ട് ചോർച്ചയടച്ചു.

മഹാപ്രളയത്തിനുശേഷം പുനർനിർമിച്ച പുറംബണ്ടിലാണ് ചോർച്ചയുണ്ടായത്. 128 ഏക്കർ വരുന്ന പാടശേഖരത്തിൽ വിതച്ചിട്ട് നാൽപ്പത് ദിവസമായി. 74 ചെറുകിടനാമമാത്ര കർഷകരാണുള്ളത്. ടി.എസ്. കനാലിൽ ജലനിരപ്പുയർന്നതാണ് പുറംബണ്ട് തകരാൻ കാരണം. കൃഷിത്തോട്ടം പാടശേഖരത്തിൽ മടവീഴ്ചയുണ്ടായാൽ സമീപപാടശേഖരങ്ങളായ നാലുചിറ വടക്കും നാലുചിറ വടക്കുപടിഞ്ഞാറും കൃഷിനാശമുണ്ടാകും.

പാടശേഖരങ്ങളോട് ചേർന്ന് താമസിക്കുന്ന അറുന്നൂറോളം കുടുംബങ്ങളും കെടുതിയിലാകും. അടിയന്തരമായി തോട്ടപ്പള്ളി പൊഴിമുറിച്ച് ടി.എസ്. കനാലിലെ ജലനിരപ്പ് കുറച്ചില്ലെങ്കിൽ നെൽക്കൃഷി നശിക്കുമെന്ന് കൃഷിത്തോട്ടം പാടശേഖരസമിതി പ്രസിഡന്റ് വി.സി.മധു പറഞ്ഞു.