അമ്പലപ്പുഴ: മകരം പുലരുന്നതോടെ ശ്രീകൃഷ്ണസ്വാമിക്ഷേത്രം ആഘോഷത്തിലേക്ക്. ഇനി പന്ത്രണ്ടുനാൾ ഭഗവാന് സ്വർണക്കുടം നിറയെ കളഭാഭിഷേകം. ദോഷങ്ങളകറ്റി ദേവന്റെ ചൈതന്യം വർധിപ്പിക്കുന്നതിനാണ് മകരം ഒന്നുമുതൽ പന്ത്രണ്ടുവരെയുള്ള കളഭാഭിഷേകം.
പകൽ പതിനൊന്നരയ്ക്കുള്ള കളഭാഭിഷേകവും രാത്രിയിലെ വിളക്കെഴുന്നള്ളിപ്പുമാണ് പന്ത്രണ്ടുകളഭത്തിലെ പ്രധാന ചടങ്ങുകൾ. കളഭവും വിളക്കും കണ്ടുതൊഴുന്നത് മുറജപവും ലക്ഷദീപവും ദർശിക്കുന്നതിന് തുല്യമാണെന്ന വിശ്വാസത്തിൽ ദേശാന്തരങ്ങളിൽനിന്നുള്ള ഭക്തർ ക്ഷേത്രത്തിലെത്തും.
ചന്ദനം, പനിനീര്, കുങ്കുമപ്പൂവ്, പച്ചക്കർപ്പൂരം, ഗോരോചനം എന്നിവ ചേർത്ത് അരച്ചാണ് അഭിഷേകത്തിനുള്ള കളഭം തയ്യാറാക്കുന്നത്. അഭിഷേകം ചെയ്ത കളഭം ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യും.
ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ഭഗവാന്റെ സ്വർണത്തിടമ്പേറ്റും. പന്ത്രണ്ടുകളഭത്തിന്റെ ഭാഗമായുള്ള ശങ്കരനാരായണ കലോത്സവം ബുധനാഴ്ച 10-ന് നടി ജലജ ഉദ്ഘാടനം ചെയ്യും. ഗായിക ഗൗരി പ്രകാശ് ഭദ്രദീപപ്രകാശനം നടത്തും. പന്ത്രണ്ടുകളഭത്തിന്റെ ഭാഗമായി ക്ഷേത്രവളപ്പിൽ അരക്കോടിയുടെ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് ഒന്നാം കളഭം
രാവിലെ 7.00-ശ്രീബലി, 10.00-ശങ്കരനാരായണ കലോത്സവം ഉദ്ഘാടനം, 10.30-നാദസ്വരക്കച്ചേരി, 11.00-നൃത്തനൃത്യങ്ങൾ, 11.30-കളഭാഭിഷേക ദർശനം, ഉച്ചയ്ക്ക് 12.00-പ്രസാദമൂട്ട്, 12.30-നൃത്തനൃത്യങ്ങൾ, വൈകീട്ട് 4.00, 500-സംഗീതാർച്ചന, 6.30-ദീപക്കാഴ്ച, 6.45-തോൽപ്പാവക്കൂത്ത്, രാത്രി 9.00-വിളക്കെഴുന്നള്ളത്ത്, വിളക്കാചാരം, 9.30-കഥകളി-സന്താനഗോപാലം.