അമ്പലപ്പുഴ: നീർക്കുന്നം എസ്.ഡി.വി. ഗവ. യു.പി. സ്‌കൂളിലെ കുട്ടികൾ സർഗശേഷികൾ കോർത്തിണക്കി സ്വയം നിർമിച്ചത് 1415 കൈയെഴുത്ത് മാസികകൾ. ഭിന്നശേഷിക്കാരടക്കമുള്ള സ്‌കൂളിലെ മുഴുവൻ കുട്ടികളും ഇതിൽ പങ്കാളികളായി.

കഴിഞ്ഞ രണ്ട് മാസമായി കുട്ടികൾ മാസികയുടെ പണിപ്പുരയിലായിരുന്നു. കഥകൾ, കവിതകൾ, ലേഖനങ്ങൾ, ചിത്രങ്ങൾ, അനുഭവങ്ങൾ, യാത്രാവിവരണങ്ങൾ തുടങ്ങി ഒട്ടേറെ വിഭവങ്ങളാണ് മാസികകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നവമാധ്യമങ്ങളുടെ ലോകത്തുനിന്ന്‌ വായനയുടേയും രചനയുടേയും സാഹിത്യത്തിന്റേയും ലോകത്തേക്ക് കുട്ടികളെ കൈപിടിച്ച് നടത്താൻ സ്‌കൂൾ റിസോഴ്‌സ് ഗ്രൂപ്പ് ആരംഭിച്ച പദ്ധതിയാണ് ’വായനയിലൂടെ സാഹിത്യ ലോകത്തേക്ക്’.

ഇതിന്റെ ഭാഗമായാണ് സ്‌കൂളിലെ മുഴുവൻ കുട്ടികളും കൈയെഴുത്ത് മാസിക നിർമിച്ചത്. ശാസ്ത്രപുസ്തക രചയിതാവ് പ്രൊഫ.എസ്.ശിവദാസ് സ്‌കൂളിലെ വിദ്യാഭ്യാസമന്ത്രി സെയ്ദ് അജ്മൽ ഇബ്രാഹിമിന് നൽകി പ്രകാശനം നിർവഹിച്ചു. 1415 കുട്ടികളും അസംബ്ളിയിൽ ഒന്നിച്ചുനിന്ന് അവരവരുടെ മാസിക തുറന്നു. എസ്.എം.സി. വൈസ് ചെയർമാൻ കെ.കുഞ്ഞുമോൻ അധ്യക്ഷനായി.

പ്രഥമാധ്യാപകൻ എസ്.മധുകുമാർ, സ്‌കൂൾ ലീഡർ തേജാലക്ഷ്മി, മാതൃസംഗമം പ്രസിഡന്റ് സുമാ അനിൽകുമാർ, ബി.ആർ.സി. പരിശീലകൻ ജി.ബാബുനാഥ്, അലീന എന്നിവർ പ്രസംഗിച്ചു. പ്രൊഫ. എസ്.ശിവദാസ് ശാസ്ത്രക്ലാസ് നടത്തി.

Content Highlights: Handwritten Magazine