അമ്പലപ്പുഴ: ബുധനാഴ്ച രാത്രി പത്തുമണിയോടെ രോഗിയുമായി മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുമ്പിൽ ആംബുലൻസ്‌ എത്തുമ്പോൾ ആശങ്കപ്പെടുത്തുന്നതായിരുന്നു രംഗങ്ങൾ. നിപാ ബാധ കണ്ടെത്തിയ കോഴിക്കോട് മെഡിക്കൽ കോളേജിന് സമാനമായിരുന്നു കാഴ്ച. സുരക്ഷാജീവനക്കാർ അടക്കമുള്ളവർ മുഖംമൂടി ധരിച്ചിരുന്നു. രോഗിയെ ഉടൻതന്നെ ഐസൊലേഷൻ വാർഡിലാക്കി.

പ്രാഥമിക പരിശോധനയിൽ രോഗ ലക്ഷണങ്ങളില്ലാതിരുന്നതോടെ ആശങ്കകൾ അകന്നു. ആശുപത്രി പ്രവർത്തനം പതിവുപോലെയായി. അതേസമയം സമൂഹമാധ്യമങ്ങളിൽ ഭയപ്പെടുത്തുന്ന പ്രചാരണങ്ങളായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി നിറയുകയായിരുന്നു.

പത്തനംതിട്ട അടൂർ സ്വദേശിയായ രോഗിയെ ഡോക്ടർമാർ പരിശോധിക്കുമ്പോൾതന്നെ വിധി നിർണയിക്കുകയായിരുന്നു സമൂഹമാധ്യമങ്ങൾ. നിപ ബാധിതനായ രോഗിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു എന്നായിരുന്നു ആദ്യപ്രചാരണം. ആശുപത്രിലെ ചിത്രങ്ങളും പ്രചരിച്ചു.

ഡോക്ടറുമായി ഫോണിൽ സംസാരിക്കുന്നതടക്കമുള്ള വോയ്സ് ക്ലിപ്പിങ്ങുകളും പ്രചരിച്ചതോടെ ജനങ്ങൾ അക്ഷരാർത്ഥത്തിൽ പരിഭ്രാന്തിയിലായി.

 

നടപടി സ്വീകരിക്കും

സമൂഹമാധ്യമങ്ങളിലൂടെ പരിഭ്രാന്തി പരത്തിയവർക്കെതിരേ നിയമനടപടി സ്വീകരിക്കും. ആശുപത്രിയിൽ ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയതടക്കമുള്ള പല കേസുകളിലും പ്രതികളായവർ ഇത്തരം പ്രചാരണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയ്‌ക്ക്‌ പരാതി നൽകും.

ഡോ.ആർ.വി.രാംലാൽ, ആശുപത്രി സൂപ്രണ്ട്

പരിശോധനാഫലം ഇങ്ങനെ

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കേരള ഘടകത്തിലാണ് രോഗിയുടെ രക്തസാമ്പിൾ പരിശോധിച്ചത്. പരിശോധനാ ഫലത്തിൽ ഇപ്രകാരം പറയുന്നു:- നിപാ വൈറസ് എന്ന് സംശയിക്കുന്ന സാമ്പിൾ ആലപ്പുഴ മെഡിക്കൽ കോളേജിൽനിന്ന് വ്യാഴാഴ്ചയാണ് ലഭിച്ചത്. രോഗിക്ക് പനി, ചുമ, തലവേദന, ശ്വാസതടസം, ശരീരവേദന എന്നിവയുണ്ടായിരുന്നു. നിപാ ബാധിതമേഖലയിലൂടെ രോഗി സഞ്ചരിച്ചിരുന്നു.

സാമ്പിൾ കൃത്യസമയത്ത് നടത്തിയ പരിശോധനയിൽ നെഗറ്റീവ് ഫലമാണ് കണ്ടെത്തിയത്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ചുമതലയുള്ള ഡോ. ബി.അനുകുമാർ തയ്യാറാക്കിയ പരിശോധനാഫലം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.രാജീവ് സദാനന്ദൻ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് എന്നിവരടക്കമുള്ളവർക്ക് കൈമാറി.