അമ്പലപ്പുഴ: ഞരമ്പ് സംബന്ധമായ രോഗമുള്ള കുഞ്ഞുമോനും ഭാര്യ ലതയ്ക്കും ആശുപത്രി വിട്ടൊരു ജീവിതമില്ല. പ്രളയകാലത്തും ദിവസങ്ങളോളം ഇവർ ആശുപത്രിയിലായിരുന്നു. മടങ്ങിയെത്തിയ ഇവർ കണ്ടത് മടവീഴ്ചയിൽ ഒലിച്ചുപോയ വീടാണ്.

വീട്ടുസാധനങ്ങളെല്ലാം വീണ്ടെടുക്കാനാകാത്തവിധം വെള്ളത്തിലായി. എന്ത് ചെയ്യണമെന്ന് ഇവർക്ക് ഒരു നിശ്ചയവുമില്ല. പുറക്കാട് ഗ്രാമപ്പഞ്ചായത്ത് ഏഴാംവാർഡിൽ ലതാലയം എന്ന മേൽവിലാസം മാത്രമാണ് ഇവർക്കിപ്പോഴുള്ളത്. തോട്ടപ്പള്ളി ആനന്ദേശ്വരം കിഴക്ക് ടി.എസ്. കനാലിന്റെ കിഴക്കേക്കരയിൽ ഇല്ലിച്ചിറ പാടത്തിന്റെ പുറംബണ്ടിലായിരുന്നു ഇവരുടെ വീട്.

കൽത്തൂണുകളിൽ പലകയും ഷീറ്റും മറച്ച് ഷീറ്റിട്ട മേൽക്കൂരയുള്ള രണ്ടുമുറി വീട്ടിലാണ് കുഞ്ഞുമോനും ലതയും താമസിച്ചിരുന്നത്. കഴിഞ്ഞമാസം 17നാണ് ടി.എസ്. കനാലിൽ ജലനിരപ്പുയർന്ന് ഇല്ലിച്ചിറ പാടത്ത് മടവീഴ്ചയുണ്ടായി ഇവരുടെ വീട് ഒലിച്ചുപോയത്. അലമാരയും കട്ടിലും സ്റ്റൗവും പാത്രങ്ങളും വസ്ത്രങ്ങളും അടക്കം സകലസമ്പാദ്യങ്ങളും വെള്ളത്തിലായി.

ഇതിന് തലേദിവസം ഇവർ ആശുപത്രിയിലേയ്ക്ക് പോയതാണ്. ആശുപത്രിയിൽ വച്ചാണ് വീട് ഇല്ലാതായ വിവരം അറിയുന്നത്. അസുഖത്തെത്തുടർന്ന് കുഞ്ഞുമോന് ജോലിക്കൊന്നും പോകാനാകില്ല. ലത പാടത്തും തൊഴിലുറപ്പ് ജോലിക്കും പോയാണ് ആഹാരത്തിനും മരുന്നിനുമുള്ള വക കണ്ടെത്തുന്നത്.

ഇല്ലിച്ചിറ പാടത്ത് ഇവർക്ക് ഒരേക്കറിനടുത്ത് നിലമുണ്ട്. ഇതിന്റെ ചെറിയൊരു ഭാഗത്താണ് താമസിച്ചിരുന്നത്. ഒലിച്ചുപോയ വീട്ടിലെ ഉപകരണങ്ങളും വസ്ത്രങ്ങളുമെല്ലാം അന്നുമുതൽ വെള്ളത്തിൽ കിടക്കുകയാണ്. ആശുപത്രി വിട്ടെത്തിയ ഇവർ ആനന്ദേശ്വരം എൽ.പി.സ്‌കൂൾ, പുന്തല എസ്.എൻ.ഡി.പി. ഹാൾ, നാലുചിറ ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകളിൽ താമസിച്ചു.

അതിനിടെ ലതയ്ക്ക് ശക്തമായ പനി പിടിപെട്ടു. ഇരുവരും പന്ത്രണ്ടുദിവസം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു. ഞായറാഴ്ചയാണ് ആശുപത്രി വിട്ടത്. രണ്ടുദിവസം വണ്ടാനത്തുള്ള ബന്ധുവീട്ടിൽ കഴിഞ്ഞു. ചൊവ്വാഴ്ച ഇല്ലിച്ചിറ പള്ളിയിലുള്ള ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് ഇവർ മാറി.

ക്യാമ്പ് വിട്ടാൽ പോകാനിടമില്ലാത്ത വിഷമസ്ഥിതിയിലാണ് കുഞ്ഞുമോനും ലതയും. സമ്പാദ്യങ്ങളെല്ലാം വെള്ളത്തിൽനിന്ന് വീണ്ടെടുക്കാനുമായിട്ടുമില്ല.