ആലപ്പുഴ: സിനിമയുടെ അണിയറയിലേക്ക്‌ കുട്ടികളെ കൂട്ടിക്കൊണ്ടുപോയി സംവിധായകൻ എം.ബി.പദ്‌മകുമാർ. ശബ്ദസന്നിവേശവും ശബ്ദമിശ്രണവും തുടങ്ങി സാങ്കേതികതകളെല്ലാം ദൃശ്യങ്ങളുടെയും ഉപകരണങ്ങളുടെയും സഹായത്തോടെ അദ്ദേഹം കുട്ടികൾക്ക് പകർന്നു നൽകി.

മാതൃഭൂമി സ്റ്റഡിസർക്കിൾ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അമ്പലപ്പുഴ താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച ചലച്ചിത്ര ശില്പശാലയിലാണ് സിനിമയിലെ കാണാക്കാഴ്ചകൾ കുട്ടികൾ അടുത്തറിഞ്ഞത്.

ആലപ്പുഴ എസ്.ഡി.വി. ഗവ. ജെ.ബി. സ്കൂളിൽ നടന്ന ശില്പശാലയിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നായി ഹൈസ്കൂൾ മുതൽ ഹയർ സെക്കൻഡറിതലം വരെയുള്ള നൂറ്റൻപതിലേറെ കുട്ടികളാണ് പങ്കെടുത്തത്. സിനിമയുടെ തുടക്കത്തിൽനിന്ന് വർത്തമാനകാലത്തിലേക്കുള്ള പ്രയാണം പരിചയപ്പെടുത്തുന്ന ലഘുചിത്രം കാട്ടിയാണ് എം.ബി.പദ്‌മകുമാർ കുട്ടികളുമായി സംവദിച്ചത്. കുട്ടികളുടെ സംശയങ്ങൾക്കെല്ലാം അദ്ദേഹം മറുപടി നൽകി.

തിരശീലയിൽ കാണുന്ന കാഴ്ചകൾക്കപ്പുറം അധ്വാനത്തിന്റെയും കഴിവിന്റെയും വിവിധ തലങ്ങൾ ഉണ്ടെന്ന് അദ്ദേഹം സിനിമാ പ്രവർത്തകരാകാൻ ആഗ്രഹിക്കുന്ന കുട്ടികളെ ഉപദേശിച്ചു.

കഥ മുതൽ സംവിധാനവും അഭിനയവും വരെയുള്ള സിനിമയുടെ വിവിധതലങ്ങളാണ് തിരക്കഥാകൃത്ത് സുനീഷ് വാരനാട് പരിചയപ്പെടുത്തിയത്. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് അവരിൽനിന്ന് തന്നെ കഥയും അഭിനയതലങ്ങളുമൊരുക്കി. അതിശയിപ്പിക്കുന്ന പ്രകടനമാണ് കുട്ടികളുടെ ഭാഗത്തുനിന്ന്‌ ഉണ്ടായത്.

സംവിധായകനും നിർമാതാവുമായ ആലപ്പി അഷ്റഫ് ശില്പശാല ഉദ്ഘാടനം ചെയ്തു. മിമിക്രിയിലൂടെ കലാരംഗത്തുവന്ന് സിനിമയിൽ പി.ജെ.ആന്റണിക്കും ജയനും ശബ്ദം നൽകി ഒടുവിൽ സംവിധായകനും നിർമാതാവുമായ സ്വന്തം അനുഭവം അദ്ദേഹം കുട്ടികളോട് പങ്കുവച്ചു. പഠനകാലത്ത് സർവകലാശാലാ യുവജനോത്സവത്തിൽ മിമിക്രിയിൽ താരമായിരുന്ന അദ്ദേഹം പ്രേംനസീറിനെയും മധുവിനെയും കെ.പി.ഉമ്മറിനെയും അനുകരിച്ച് കുട്ടികളെ പൊട്ടിച്ചിരിപ്പിച്ചാണ് വേദി വിട്ടത്.

ജില്ലാ സംഘാടകസമിതി ജനറൽ സെക്രട്ടറി അഡ്വ.ജി.മനോജ്കുമാർ അധ്യക്ഷനായി. ജില്ലാ കോ-ഓർഡിനേറ്റർ എസ്.ഡി.വേണുകുമാർ, വൈസ് ചെയർമാൻ കുമ്പളത്ത് മധുകുമാർ, കൺവീനർ അഡ്വ.പള്ളിപ്പാട് രവീന്ദ്രൻ, ക്യാമ്പ് ഡയറക്ടർ അഡ്വ.ബി.സുരേഷ്, താലൂക്ക് സംഘാടകസമിതി ചെയർമാൻ കാക്കാഴം സുരേഷ്ബാബു, കൺവീനർ കെ.എ.സാബു തുടങ്ങിയവർ പ്രസംഗിച്ചു.

Content Highlights: Mathrubhumi study circle jubilee celebrations