ആലപ്പുഴ: ഏഴുമണ്ഡലങ്ങളിലും യു.ഡി.എഫ്.സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ മുന്നേറ്റം നടത്തിയപ്പോൾ ചേർത്തലയും കായംകുളവുമാണ് ആരിഫിന് രക്ഷയൊരുക്കിയത്. ഇതിൽ മുൻപില്ലാത്തവിധം ഭൂരിപക്ഷമാണ് ഇടതുപക്ഷത്തിന് ചേർത്തല നൽകിയത്.

ഇടതുകോട്ടയായി ചേർത്തല 16894 വോട്ടിന്റെ മേൽക്കൈ നൽകിയത്. മൂന്നു വർഷങ്ങൾക്കു മുൻപ്‌ നിയമസഭാതിരഞ്ഞെടുപ്പിൽ ആരിഫിന്‌ 38750 വോട്ടിന്റെ ഭൂരിപക്ഷം നൽകിയ അരൂരിൽ 648 വോട്ടുകൾക്കു പിന്നിലായപ്പോഴാണ് ചേർത്തല പാർട്ടിയുടെ പ്രതീക്ഷകൾകാത്തത്.

നിയോജകമണ്ഡലത്തിലെ കഞ്ഞിക്കുഴിയിലും മുഹമ്മയിലും വയലാറിലും തണ്ണീർമുക്കത്തും പട്ടണക്കാട്ടും ചേർത്തലനഗരസഭയിലും കടക്കരപ്പള്ളിയിലും ചേർത്തലതെക്കിലും മികച്ച മുന്നേറ്റം നടത്താനായതാണ് നേട്ടമായത്.

എ.എം.ആരിഫ് 83220 വോട്ടുകൾ നേടിയപ്പോൾ 66326 വോട്ടുകളാണ് ഷാനിമോൾ ഉസ്മാനു കിട്ടിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മന്ത്രി പി.തിലോത്തമൻ 7150 വോട്ടുകൾക്കായിരുന്നു കോൺഗ്രസിലെ എസ്.ശരതിനെ തോൽപ്പിച്ചത്. അരൂരിൽ മത്സരിക്കാനെത്തുന്നതിനു മുൻപ്‌ എ.എം.ആരിഫിന്റെ പ്രവർത്തന മേഖലയായിരുന്നു ചേർത്തല. ഏഴു വർഷക്കാലം ഇവിടെ സി.പി.എം. ഏരിയാ സെക്രട്ടറിയുമായിരുന്നു.

കായംകുളത്ത് എൽ.ഡി.ഫിന് ഭൂരിപക്ഷം 4297 വോട്ടാണ്. യു.ഡി.എഫ്. അഞ്ചുമണ്ഡലങ്ങളിലൂടെയും നേടിയ മേൽക്കൈ തകർത്തത് ചേർത്തലയും കായംകുളവുമാണ്. ഷാനിമോൾക്ക് അരൂർ-648, ആലപ്പുഴ-69, അമ്പലപ്പുഴ-638, ഹരിപ്പാട്-5844, കരുനാഗപ്പള്ളി-4780 എന്നിങ്ങനെയാണ് നിയമസഭാമണ്ഡലങ്ങളിൽ ഭൂരിപക്ഷം ലഭിച്ചത്.

2014-ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ കെ.സി.വേണുഗോപാലിന് കായംകുളത്തുമാത്രമാണ് ഭൂരിപക്ഷം കിട്ടാതിരുന്നത്. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാടൊഴികെ മറ്റെല്ലാമണ്ഡലങ്ങളും എൽ.ഡി.എഫ്. ചുവപ്പണിയിച്ചതാണ്. ഇതിനെ മറികടന്ന് ഷാനിമോൾ മുന്നേറിയെങ്കിലും ചെറിയ ഭൂരിപക്ഷത്തിന് കീഴടങ്ങേണ്ടിവന്നു.

കെ.സി.വേണുഗോപാൽ സ്ഥാനാർഥിയാകുമെന്ന് പ്രതീതി പരത്തിയശേഷം അവസാനഘട്ടം പിൻമാറിയതും ഷാനിമോൾക്കെതിരേ പാർട്ടിയിൽ നിലനിന്ന ചെറിയ പിണക്കങ്ങളും തോൽവിക്കുകാരണമായിട്ടുണ്ടോയെന്ന് ചർച്ചയാവും.

Content Highlights; AM Ariff, Alappuzha Loksabha Election