Alappuzha
നൂറനാട് മുതുകാട്ടുകര സ്വദേശി കൃഷ്ണൻകുട്ടി നായർ ശിവരാത്രിക്കാവടികൾ ഒരുക്കുന്നു

ചാരുംമൂട് : നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രത്തിലെ മഹാശിവരാത്രിയുടെ ഭാഗമായി വ്യാഴാഴ്ച പീലിക്കാവടികൾ 16 കരകളിലും നിറഞ്ഞാടും. നൂറുകണക്കിന് ഭക്തർ കാവടിവ്രതത്തിലാണിപ്പോൾ.

വ്യാഴാഴ്ച രാവിലെമുതൽ അതത് കരകളിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽനിന്നാണ് കാവടി നിറച്ച് സംഘം ചേർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി നാട്ടിൽ ഭിക്ഷാടനത്തിന് പുറപ്പെടുക.

ഭിക്ഷാടനത്തിനുശേഷം കാളമൂട്ടിൽ എത്തി അന്നദാനത്തിൽ പങ്കെടുക്കും. തിരിച്ച് ക്ഷേത്രങ്ങളിൽ എത്തി കാവടികൾ സൂക്ഷിക്കും.

വെള്ളിയാഴ്ച ശിവരാത്രിനാൾ പുലർച്ചേയാണ് കാവടിസംഘങ്ങൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പടനിലം ക്ഷേത്രത്തിൽ എത്തിച്ചേർന്ന് കാവടി അഭിഷേകം നടത്തുന്നത്. ഭസ്മക്കാവടികളാണ് ഭഗവാന് അഭിഷേകത്തിനായി സമർപ്പിക്കുന്നത്.