Alappuzha
ചുനക്കര തിരുവൈരൂർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന കാളമൂട്ടിൽ കഞ്ഞിസദ്യ
 

ചാരുംമൂട്: ഓണാട്ടുകരയിലെ ഉത്സവമേളങ്ങൾക്ക് തുടക്കംകുറിച്ച് ചുനക്കര തിരുവൈരൂർ മഹാദേവർ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കെട്ടുകാഴ്ചകൾ പൂർത്തിയാകുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട് തെക്കുംമുറി, കരിമുളയ്ക്കൽ, കോമല്ലൂർ, നടുവിലേമുറി, വടക്കുംമുറി, കിഴക്കുംമുറി കരകളിലാണ് തിരുവുത്സവത്തിനായി കൂറ്റൻ നന്ദികേശശില്പങ്ങൾ ഒരുങ്ങുന്നത്.

കാളമൂടുകളിൽ ഉച്ചയ്ക്ക് നടന്നുവരുന്ന കഞ്ഞിസദ്യ ബുധനാഴ്ച സമാപിക്കും. ദേവപ്രീതിക്കായാണ് അന്നദാനം നടത്തുന്നത്. കഞ്ഞിയും കൂട്ടുകറിയുമാണ് അന്നദാനത്തിന്റെ പ്രധാന വിഭവങ്ങൾ. പപ്പടം, മുതിര, അവൽ, ഉണ്ണിയപ്പം തുടങ്ങിയവയും നൽകാറുണ്ട്. നൂറുകണക്കിനാളുകൾ കഞ്ഞിസദ്യയിൽ നിത്യേന പങ്കെടുക്കുന്നു. കാളമൂട്ടിൽ ഭാഗവതപാരായണവുമുണ്ട്.

നിർമാണം പൂർത്തിയാക്കിയ നന്ദികേശശില്പങ്ങൾ വ്യാഴാഴ്ച വൈകീട്ട് കരക്കാർ ക്ഷേത്രസന്നിധിയിൽ എത്തിക്കും. കരക്കമ്മിറ്റി കൺവീനർമാരായ ബാലകൃഷ്ണപിള്ള (തെക്കുംമുറി), ടി.കെ.സോമൻ (കരിമുളയ്ക്കൽ), ഗംഗാധരൻപിള്ള (കോമല്ലൂർ), പ്രകാശ് (നടുവിലേമുറി), ഗോപാലക്കുറുപ്പ് (വടക്കുംമുറി), വി.എസ്.സുനിൽകുമാർ (കിഴക്കുംമുറി) എന്നിവർ നേതൃത്വം നൽകും.

ഉരുളിച്ചവരവ് ഇന്ന്

ചുനക്കര ക്ഷേത്രത്തിലേക്ക് വരേണിക്കൽ കരയിൽനിന്നുള്ള ഉരുളിച്ചവരവ് ബുധനാഴ്ച രാവിലെ 10-ന്‌ നടക്കും. താലപ്പൊലി, പഞ്ചാരിമേളം, ചെണ്ടമേളം, കാവടിയാട്ടം, മയിലാട്ടം തുടങ്ങിയവയുടെ അകമ്പടിയോടെ വരേണിക്കൽ പരബ്രഹ്മോദയ ക്ഷേത്രത്തിൽനിന്ന്‌ ഉരുളിച്ച ഘോഷയാത്ര ആരംഭിക്കും.

ചുനക്കരയിൽ ഇന്ന്

 

ക്ഷേത്രാചാരച്ചടങ്ങുകൾ 4.30, ഓട്ടൻതുള്ളൽ 8.00, ഉത്സവബലിദർശനം 12.00, വയലിൽ ഫ്യൂഷൻ 5.00, സേവ 7.00, പള്ളിവേട്ട 8.30.