ആലപ്പുഴ: ധനമന്ത്രി തോമസ് ഐസക് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 25 രൂപയ്ക്ക് ഊണ് നൽകുന്ന 1000 ഭക്ഷണശാലകൾക്ക് മാതൃകയായത് ആലപ്പുഴയിലെ ’സുഭിക്ഷ’. ഒരുകൂട്ടം കുടുംബശ്രീ വനിതകൾ ചേർന്ന് നടത്തുന്ന സുഭിക്ഷയിൽനിന്ന് 20 രൂപയ്ക്ക് സസ്യ ഊണ് ലഭിക്കും. ഈ ആശയത്തിന്റെ തുടക്കം വിശപ്പുരഹിത മാരാരിക്കളം പദ്ധതിയിൽനിന്നായിരുന്നു.

അതിലെ പോരായ്മകൾ തിരുത്തിയതായിരുന്നു സുഭിക്ഷ. ഇതേ മാതൃകയിലാണ് സംസ്ഥാനമൊട്ടാകെ ഭക്ഷ്യ-പൊതുവിതരണവകുപ്പിന്റെ നേതൃത്വത്തിൽ കുടുംബശ്രീയുടെ സഹായത്തോടെ ഭക്ഷണശാലകൾ ആരംഭിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് ഭക്ഷ്യ-പൊതുവിതരണവകുപ്പ് മുൻകൈയെടുത്ത് ശവക്കോട്ടപ്പാലത്തിന് പടിഞ്ഞാറായി ’സുഭിക്ഷ’ പ്രവർത്തനം തുടങ്ങിയത്. നഗരത്തിലെത്തുന്നവർക്ക് കുറഞ്ഞനിരക്കിൽ ഭക്ഷണം നൽകുകയായിരുന്നു ലക്ഷ്യം. വിശപ്പുരഹിത കേരളം പദ്ധതിയുടെ തുടക്കമെന്ന നിലയിലായിരുന്നു ഇത്.

ഫൈവ് സ്റ്റാർ കഫേ കുടുംബശ്രീ യൂണിറ്റാണ് സുഭിക്ഷ ഭക്ഷണശാല നടത്തുന്നത്. ഉദ്ഘാടനത്തിന്റെ അന്നുതന്നെ സുഭിക്ഷയിൽ നല്ല തിരക്കായിരുന്നു. ഇപ്പോൾ ദിവസം 300 മുതൽ 380വരെ ആളുകൾ ഇവിടെനിന്ന് ഊണ് കഴിക്കുന്നുണ്ടെന്ന് കഫേ മെന്റർ കെ.ആർ. ജയ പറഞ്ഞു.

ആദ്യം വെജിറ്റബിൾ വിഭവങ്ങളായിരുന്നു. നോൺവെജ് വിഭവങ്ങൾക്കും ആവശ്യക്കാരേറിയതോടെ മീൻകറി, മീൻപീര, ബീഫ്കറി, കക്കയിറച്ചി എന്നിവയും ഇപ്പോൾ വിളമ്പുന്നു. ഇതിന് 30 രൂപ അധികം നൽകണം. സാധാരണ വെജിറ്റബിൽ ഊണാണെങ്കിൽ 20 രൂപ മാത്രം മതി. ഭക്ഷണശാല നടത്തിപ്പുകാരായ കുടുംബശ്രീക്ക് ഊണൊന്നിന് അഞ്ചുരൂപ വീതം സർക്കാരും നൽകും. കെട്ടിടം സൗജന്യമായി നൽകി ആലപ്പുഴ നഗരസഭയും പദ്ധതിക്കൊപ്പം ചേർന്നു.

സുഭിക്ഷ ആരംഭിക്കുംമുമ്പേ വിശപ്പുരഹിത മാരാരിക്കുളം പദ്ധതിയുടെ ഭാഗമായി ന്യായവിലയ്ക്ക് ഊണ് നൽകുന്ന ഭക്ഷണശാല പാതിരപ്പള്ളിയിൽ ആരംഭിച്ചിരുന്നു. സമഗ്ര ആരോഗ്യ പരിപാടിയുടെ ഭാഗമായി കിടപ്പുരോഗികൾക്ക് സൗജന്യമായി ഭക്ഷണം നൽകിയായിരുന്നു തുടക്കം. കാഷ്യറില്ലാത്ത ഭക്ഷണശാലയായിരുന്നു അത്. ഭക്ഷണം കഴിക്കാൻ വരുന്നവർക്ക് ഇഷ്ടമുള്ള തുക പെട്ടിയിലിടാം. ഇല്ലാത്തവർ ഒന്നും നൽകിയില്ലെങ്കിലും കുഴപ്പമില്ല. ഇതേ മാതൃക തന്നെയാണ് വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായും നടപ്പാക്കുന്നത്.

വിശപ്പുരഹിത കേരളം: ആദ്യം ചേർത്തലയിലും അമ്പലപ്പുഴയിലും

ആലപ്പുഴ: വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ചേർത്തല, അമ്പലപ്പുഴ താലൂക്കുകൾ ഏപ്രിൽ മാസത്തോടെ വിശപ്പുരഹിത മേഖലയായി മാറും. പിന്നീട്, ഈ വർഷംതന്നെ മറ്റിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഇതിനായി 20 കോടി രൂപ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.

കിടപ്പുരോഗികൾക്ക് സൗജന്യമായി വീട്ടിൽ ഊണ് എത്തിച്ചുകൊടുക്കൽ, 25 രൂപയ്ക്ക് സാധാരണക്കാർക്ക് ഊണ് ലഭ്യമാക്കൽ തുടങ്ങിയവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. സന്നദ്ധ സംഘടകളുടെ സഹായത്തോടെയാണ് ഭക്ഷ്യ-പൊതുവിതരണവകുപ്പിന്റെ പദ്ധതി.

Content Highlights: Alappuzha kerala budget 2020