അമ്പലപ്പുഴ: രണ്ടരലക്ഷം കുടുംബങ്ങളെ പതിമൂന്ന് ദിവസക്കാലം ദുരിതത്തിലാക്കിയശേഷം ആലപ്പുഴ കുടിവെള്ളപദ്ധതിയുടെ പമ്പിങ് തുടങ്ങി. ചൊവ്വാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് കടപ്രയിലും കരുമാടിയിലെ പ്ലാന്റിലും പമ്പിങ് തുടങ്ങിയത്.

പൈപ്പിൽ പലയിടത്തും വിള്ളൽ കണ്ടെത്തിയിട്ടുള്ളതിനാൽ ഭാഗികമായാണ് പമ്പിങ്. രണ്ടിടത്തും രണ്ട്‌ മോട്ടോറുകൾ വീതമുള്ളതിൽ ഓരോന്നുമാത്രമാണ് പ്രവർത്തിക്കുന്നത്. ഉച്ചയോടെ ആലപ്പുഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളമെത്തിത്തുടങ്ങി. തകഴി ലെവൽക്രോസിന് സമീപം കഴിഞ്ഞമാസം 28-ന് വൈകീട്ടാണ് പൈപ്പ് പൊട്ടി കുടിവെള്ളവിതരണം നിലച്ചത്.

രണ്ടോ മൂന്നോ ദിവസങ്ങൾകൊണ്ട് പരിഹരിക്കാവുന്ന പ്രശ്നം സർക്കാർ വകുപ്പുകളുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമൂലം പതിമൂന്നുദിവസം നീളുകയായിരുന്നു. ഞായറാഴ്ച വൈകീട്ടാണ് തകരാർ പരിഹരിച്ചുതുടങ്ങിയത്. തിങ്കളാഴ്ച രാത്രി വൈകി ജോലികൾ പൂർത്തിയായി. പൊട്ടിയ ഭാഗത്തെ രണ്ടുമീറ്റർ പൈപ്പ് മാറ്റി പുതിയത് സ്ഥാപിക്കുകയായിരുന്നു.

തകഴിയിൽ ഒന്നരക്കിലോമീറ്ററിനുള്ളിലെ 43-ാമത്തെ പൈപ്പുപൊട്ടലാണിത്. പ്രശ്നത്തിന് ശാശ്വതപരിഹാരമായി തകഴിയിലെ പൈപ്പ് മാറ്റിയിടാനുള്ള നടപടികൾ പുരോഗതിയിലാണ്. യൂഡിസ്മാറ്റ് തയ്യാറാക്കിയ പദ്ധതിക്ക്‌ തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന മന്ത്രിതലയോഗം അനുമതി നൽകി. മൂന്നുമാസത്തിനകം പൈപ്പ് മാറ്റിയിടാനാണ് യോഗത്തിലെ തീരുമാനം. എത്രയും വേഗം പൈപ്പ് മാറ്റിയിടൽ തുടങ്ങുമെന്നാണ് അധികൃതർ നൽകുന്ന വിവരം.