ചെട്ടികുളങ്ങര: കുംഭഭരണി കെട്ടുകാഴ്ചകൾക്ക് മുന്നിൽ അനുഗ്രഹവർഷം ചൊരിഞ്ഞ് ചെട്ടികുളങ്ങര ഭഗവതി എഴുന്നള്ളി. എഴുന്നള്ളത്ത് ദർശിച്ച് സുകൃതമേറ്റുവാങ്ങാൻ നാടിന്റെ നാനാഭാഗങ്ങളിൽനിന്ന് പതിനായിരങ്ങളെത്തി.

ക്ഷേത്രത്തിലേക്കുള്ള യാത്രയാരംഭിക്കുന്നതിനിടെ കണ്ണമംഗലം വടക്ക് കരയുടെ തേരിനുണ്ടായ തകരാർ പരിഹരിച്ചപ്പോഴേക്കും രാത്രി പത്തുമണിയായിരുന്നു. തുടർന്ന് കരക്കാർ തേരുമായി ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങിയെങ്കിലും പടിഞ്ഞാറേനടയ്ക്ക് സമീപത്തെ ഗതാഗതക്കുരുക്ക് പ്രതിബന്ധമായി. 12.30-ഓടെയാണ് കണ്ണമംഗലം വടക്കിന്റെ തേര് ദേവീദർശനം നടത്തി കാഴ്ചക്കണ്ടത്തിലേക്ക് നീങ്ങിയത്. തുടർന്ന് ക്ഷേത്രപരിസരത്ത് കാത്തുനിൽക്കുകയായിരുന്ന പിന്നാലെയുള്ള കരക്കാരും ഊഴമനുസരിച്ച് കെട്ടുകാഴ്ചകളുമായി ദേവീദർശനം നടത്തി. പുലർച്ചേ രണ്ടരയോടെയാണ് കെട്ടുകാഴ്ചകളെല്ലാം കാഴ്ചക്കണ്ടത്തിൽ അണിനിരന്നത്. ഇത്രയും നേരം ക്ഷേത്രവളപ്പിൽ തിങ്ങിനിറഞ്ഞിരുന്ന ഭക്തർ ദേവീസ്തുതികളുമായി കാത്തുനിന്നു.

പുലർച്ചേ മൂന്നോടെയാണ് ദേവിയെ ജീവതയിൽ പുറത്തേക്ക് എഴുന്നള്ളിച്ചത്. തീവെട്ടി, വിളക്കുകൾ, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിന് വലംവെച്ചശേഷമാണ് എഴുന്നള്ളത്ത് കാഴ്ചക്കണ്ടത്തിൽ എത്തിയത്.

ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂർ, ആഞ്ഞിലിപ്രാ, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടയ്ക്കാവ് എന്ന ക്രമത്തിൽ ഒരോ കെട്ടുകാഴ്ചയുടെയും മുന്നിൽ ജീവത തുള്ളി അനുഗ്രഹവർഷം ചൊരിഞ്ഞു.

ആർപ്പും കുരവയുമായി കരക്കാർ ദേവിയെ വരവേറ്റു. നേരം പുലരുംവരെയുള്ള ദേവിയുടെ എഴുന്നള്ളത്ത് ദർശിച്ചശേഷമാണ് ശനിയാഴ്ച വൈകുന്നേരം മുതൽ ക്ഷേത്രവളപ്പിലും കാഴ്ചക്കണ്ടത്തിലുമായി തടിച്ചുകൂടിയിരുന്ന പതിനായിരങ്ങൾ മടങ്ങിയത്.