ആലപ്പുഴ : ബൈപ്പാസ് ഉദ്ഘാടനച്ചടങ്ങില്‍ കേന്ദ്രം നിഷ്‌കര്‍ഷിച്ചതിനേക്കാള്‍ കൂടുതല്‍സമയം പ്രസംഗിക്കാനെടുത്ത മന്ത്രി ജി. സുധാകരനെ ഇടയ്ക്കുകയറി തടഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. സുധാകരന് അഞ്ചുമിനിറ്റ് സമയമാണ് കേന്ദ്രം നല്‍കിയിരുന്നത്. ഇതിനുശേഷവും പ്രസംഗം തുടര്‍ന്നതാണു മുഖ്യമന്ത്രിയുടെ ഇടപെടലിനിടയാക്കിയത്. ഇതിനുശേഷം പ്രസംഗിച്ച മുഖ്യമന്ത്രി ഉദ്ഘാടനച്ചടങ്ങുകളില്‍ കൂടുതലായി പ്രസംഗിക്കുന്നതിനെതിരേ വിമര്‍ശനമുന്നയിക്കുകയും ചെയ്തു.

മന്ത്രി ജി. സുധാകരന് ഉദ്ഘാടനച്ചടങ്ങില്‍ പ്രസംഗിക്കാന്‍ കഴിഞ്ഞദിവസം രാത്രിവരെ ഒരുമിനിറ്റാണു കേന്ദ്രം അനുവദിച്ചിരുന്നത്.

ബുധനാഴ്ച രാത്രി 12 മണിയോടെയാണ് അഞ്ചുമിനിറ്റാക്കി ഉയര്‍ത്തിയത്. എല്ലാം തീരുമാനിക്കുന്നത് ഡല്‍ഹിയിലാണെന്നു പറഞ്ഞായിരുന്നു സുധാകരന്‍ പ്രസംഗം തുടങ്ങിയത്.

കോണ്‍ഗ്രസ് മാര്‍ച്ചില്‍ ഉന്തും തള്ളും

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിനു കെ.സി. വേണുഗോപാലിനെയും മറ്റു കോണ്‍ഗ്രസ് നേതാക്കളെയും ക്ഷണിച്ചില്ലെന്നാരോപിച്ചു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബൈപ്പാസ് വേദിയിലേക്കു നടത്തിയ പ്രതിഷേധപ്രകടനം ഉന്തിലും തള്ളിലും കലാശിച്ചു. ടി.ഡി. സ്‌കൂളിനു മുന്നില്‍നിന്നായിരുന്നു പ്രകടനം. ഇത് ഗതാഗതക്കുരുക്കിനു ഇടയാക്കി.

ചങ്ങനാശ്ശേരി മുക്കിലേക്കു പ്രകടനമെത്തിയപ്പോള്‍ പോലീസ് തടഞ്ഞു. ഇതു പോലീസുമായി ഉന്തും തള്ളിനുമിടയാക്കി. ബാരിക്കേഡ് ഉപയോഗിച്ചാണു പോലീസ് പ്രവര്‍ത്തകരെ നിയന്ത്രിച്ചത്. പ്രതിഷേധപ്രകടനം ഡി.സി.സി. പ്രസിഡന്റ് എം. ലിജു ഉദ്ഘാടനം ചെയ്തു.

മാധ്യമങ്ങളിലൂടെ കെ.സി. വേണുഗോപാല്‍ എം.പി.യെ ക്ഷണിച്ചെന്നു മന്ത്രി ജി. സുധാകരന്‍ പറഞ്ഞെങ്കിലും കഴിഞ്ഞദിവസം രാത്രിവരെ അദ്ദേഹത്തിനെ ക്ഷണിച്ച് ഒരു ഫോണ്‍വിളി പോലുമുണ്ടായിട്ടില്ല.

ഇതില്‍ പ്രതിഷേധിച്ച് കെ.സി. വേണുഗോപാലിനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കും സ്വീകരണം നല്‍കുമെന്ന് ലിജു വ്യക്തമാക്കി.

കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂര്‍, കെ.പി.സി.സി. സെക്രട്ടറി കെ.പി. ശ്രീകുമാര്‍, ബി. ബൈജു, എസ്. ശരത്, എം.ജെ. ജോബ്, മോളി ജേക്കബ്, കെ.പി.സി.സി. നിര്‍വാഹക സമിതി അംഗങ്ങളായ രവീന്ദ്രദാസ്, കെ.വി. മേഘനാഥന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ബൈപ്പാസ് വേദിക്കുസമീപം കെ.സി. വേണുഗോപാല്‍ എം.പി.യുടെ ഫ്‌ലെക്‌സ് സ്ഥാപിക്കാന്‍ നോക്കിയെങ്കിലും അധികൃതര്‍ ഇടപെട്ട് ഒഴിവാക്കി. കോണ്‍ഗ്രസ് പ്രകടനവുമായി ബന്ധപ്പെട്ട് ഡി.സി.സി. പ്രസിഡന്റ് എം. ലിജു അടക്കം 25 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു.