ഹരിപ്പാട് : സ്കൂട്ടർയാത്രയ്ക്കിടെ ആരോഗ്യപ്രവർത്തകയെ തലയ്ക്കടിച്ചുവീഴ്ത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതികളെ തൃക്കുന്നപ്പുഴ പാനൂരിലെത്തിച്ച് പോലീസ് തെളിവെടുത്തു. നാട്ടുകാരുടെ പ്രതിഷേധങ്ങൾക്കിടെയായിരുന്നു തെളിവെടുപ്പ്.

ചിലർ പ്രതികളെ ആക്രമിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. വലിയ സുരക്ഷ ഏർപ്പെടുത്തിയാണ് പ്രതികളെ സ്ഥലത്തെത്തിച്ചതെങ്കിലും ജനരോഷം ഭയന്ന് പോലീസ് വാഹനത്തിൽനിന്നു പുറത്തിറക്കാതെയാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.

ആരോഗ്യപ്രവർത്തക തൃക്കുന്നപ്പുഴ പാനൂർ ഫാത്തിമ മാൻസിലിൽ സുബിന(32)യെ ആക്രമിച്ച കേസിൽ നേരത്തേ അറസ്റ്റിലായിരുന്ന തിരുവനന്തപുരം കഠിനംകുളം തെരുവിൽ തൈവിളാകം നിശാന്ത് സ്റ്റാലിൻ (29), കടക്കാവൂർ തെക്കുംഭാഗം റോയിനിവാസിൽ റോയി റോക്കി (26) എന്നിവരെയാണ് ചൊവ്വാഴ്ച തൃക്കുന്നപ്പുഴ പോലീസ് രണ്ടുദിവസത്തേക്കു കസ്റ്റഡിയിൽ വാങ്ങിയത്. ബുധനാഴ്ച പ്രതികളെ തിരികെ കോടതിയിൽ ഹാജരാക്കും.

പ്രതികളെ സുബിന തിരിച്ചറിഞ്ഞിട്ടുണ്ട്. ബൈക്കിൽ രണ്ടുപേരാണുണ്ടായിരുന്നെന്നും ഇവരുടെ അടയാളങ്ങളും സുബിന അന്നുതന്നെ പോലീസിനെ അറിയിച്ചിരുന്നു.

സെപ്റ്റംബർ 20-നു രാത്രിയിലാണ് സുബിന ആക്രമിക്കപ്പെട്ടത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് വാർഡിൽ ജോലികഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെയാണിത്.

തോട്ടപ്പള്ളിയിൽനിന്ന്‌ തീരദേശ റോഡിലേക്കു സ്കൂട്ടറിൽ പോയ സുബിനയെ പ്രതികൾ ബൈക്കിൽ പിന്തുടരുകയായിരുന്നു. തങ്ങൾ എറണാകുളം ഭാഗത്തേക്കു പോകുന്നതിനിടെയാണ് യുവതി ഒറ്റയ്ക്ക് സ്കൂട്ടറിൽ പോകുന്നതു കണ്ടെന്നതാണ് പ്രതികളുടെ മൊഴി.