ചേർത്തല: തോരാമഴയിൽ നാട്‌ തണുത്തുവിറയ്ക്കുമ്പോഴും രവീന്ദ്രനു ശീതീകരിച്ച മുറിയിൽ നിന്നിറങ്ങാനാകുന്നില്ല. മേലാസകലം ചുട്ടുപൊള്ളുന്ന ചൂട്. രണ്ടുംമൂന്നും തവണ കുളിക്കും. എന്നാലും താത്കാലികാശ്വാസംമാത്രം. ഈ ദുരിതമൊഴിവാക്കാൻ ഒൻപതു കൊല്ലത്തിനിടയിൽ കണ്ടത് 41 ഡോക്ടർമാരെ. ചെലവിട്ടത് എട്ടുലക്ഷത്തോളം രൂപ. എന്നിട്ടും ഉഷ്ണം രവീന്ദ്രന്‍റെ ഉടൽ വിട്ടൊഴിയുന്നില്ല.

ചേർത്തല നഗരസഭ 21-ാം വാർഡ് ഗീതാലയത്തിൽ എം. രവീന്ദ്രൻ എന്ന എൺപതുകാരനാണ് ഈ ദുരിതം. മറ്റൊരു രോഗവുമില്ലാതെ, പ്രായത്തിൽ തളരാത്ത ചുറുചുറുക്കോടെ കയർ വ്യവസായത്തിൽ പ്രവർത്തിക്കുന്നതിനിടയിലാണു ചൂട് ആ ശരീരത്തിൽ കുടിവെച്ചത്. 2012-ലാണു പ്രശ്നംതുടങ്ങിയത്. ആധുനികചികിത്സയിലായിരുന്നു ആദ്യം. ഫലിക്കാഞ്ഞതോടെ ആയുർവേദവും ഹോമിയോയും മറ്റും പരീക്ഷിച്ചു. ഫലമുണ്ടായില്ല.

സൂക്ഷ്മഞരമ്പുകളുടെ തകരാറാണു കാരണമെന്നു മിക്ക ഡോക്ടർമാരും വിലയിരുത്തുന്നു. അത്യപൂർവമാണിത്. തോന്നൽമാത്രമാണെന്നാണ് ഒരുവിഭാഗം ഡോക്ടർമാർ കരുതുന്നത്. തലച്ചോറിലുണ്ടാകുന്ന പ്രശ്നം കാരണമുണ്ടാകുന്ന തോന്നലാണെന്നും ശാരീരികപ്രശ്നമല്ലെന്നും ഇവർ പറയുന്നു. എന്നാൽ, ഉഷ്ണം തന്നെ വലയ്ക്കുന്നുണ്ടെന്നും അതിന്റെ കാരണമറിയണമെന്നാണ് ആഗ്രഹമെന്നും രവീന്ദ്രൻ പറഞ്ഞു. അപൂർവമായേ ഇദ്ദേഹം പുറത്തുപോകാറുള്ളൂ. കയർഫാക്ടറി വാടകയ്ക്കു കൊടുത്തിരിക്കുകയാണ്.