ആലപ്പുഴ : എക്സൈസ് ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. കാർത്തികപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് പ്രിവന്റീവ് ഓഫീസർ കിഷോർകുമാറാണ് പിടിയിലായത്. ഇയാളിൽനിന്ന് 8,000 രൂപ കണ്ടെത്തി. അബ്കാരികേസിലെ പ്രതിയുടെ അറസ്റ്റ് ഒഴിവാക്കുന്നതിനായി 20,000 രൂപയാണ് ആവശ്യപ്പെട്ടത്. അദ്യഗഡുവായി 5,000 രൂപ കൈപ്പറ്റിയിരുന്നു. 

വിജിലൻസ് ആലപ്പുഴ യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി.ആർ.രവികുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യൂറോ കിഴക്കൻമേഖല പോലീസ് സൂപ്രണ്ട് വി.ജി.വിനോദ്‌കുമാറിന്റെ നിർദേശപ്രകാരമായിരുന്നു നടപടി. എൻ.ബാബുകുട്ടൻ, എം.കെ.പ്രശാന്ത്‌കുമാർ, വിൻസെന്റ് കെ.മാത്യു, പീറ്റർ അലക്സാണ്ടർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.