ആലപ്പുഴ : വീണ്ടുമൊരു പരീക്ഷക്കാലത്തിന് തുടക്കമായി. ആദ്യദിനം പരീക്ഷണമാകാത്തതിന്റെ സന്തോഷത്തിലാണ് വിദ്യാർഥികൾ. എസ്.എസ്.എൽ.സി. വിദ്യാർഥികൾക്ക് മലയാളം ഫസ്റ്റ് പേപ്പറായിരുന്നു പരീക്ഷ. ഒട്ടും കുഴക്കാതെ ആശ്വാസമായി പരീക്ഷ എഴുതാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് വിദ്യാർഥികൾ. തീർത്തും എളുപ്പമായിരുന്നു പരീക്ഷയെന്നായിരുന്നു വിദ്യാർഥികളുടെ അഭിപ്രായം. ഇതുകൊണ്ടു തന്നെ എല്ലാ മുഖങ്ങളിലും സന്തോഷം പ്രകടമായിരുന്നു. ഹയർ സെക്കൻഡറി വിഭാഗത്തിന് സെക്കന്റ് ലാംഗ്വേജ് പരീക്ഷയാണ് നടന്നത്. ഇതും തീർത്തും എളുപ്പമായിരുന്നെന്നാണ് വിദ്യാർഥികളുടെ പക്ഷം.
ജില്ലയിൽ 21,915 കുട്ടികൾ എസ്.എസ്.എൽ.സി. പരീക്ഷയെഴുതി. ഹയർ സെക്കൻഡറി (പ്ലസ് വൺ, പ്ലസ് ടു വിഭാഗങ്ങിലായി) 50,000 വിദ്യാർഥികളാണ് പരീക്ഷക്കെത്തിയത്. ജില്ലയിൽ 200 സെന്ററുകളിലായാണ് പരീക്ഷ. മാവേലിക്കര വിദ്യാഭ്യാസജില്ലയിലാണ് ഏറ്റവുമധികം കുട്ടികൾ പരീക്ഷ എഴുതുന്നത്. 7,117 കുട്ടികളുണ്ട്. കുട്ടനാട് 2107, ചേർത്തല 6,309, ആലപ്പുഴ 6,382 കുട്ടികൾ എന്നിങ്ങനെ പരീക്ഷ എഴുതി. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് വി.വി.എച്ച്.എസ്.എസ്. താമരക്കുളത്താണ് 396. ഹയർ സെക്കൻഡറി വിഭാഗത്തിൽ 44,000, ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 6,000 എന്നിങ്ങനെ കുട്ടികൾ പരീക്ഷ എഴുതി.
വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 21 സെന്ററുകളിലായി 2,487 കുട്ടികൾ പരീക്ഷ എഴുതി.പ്രൈവറ്റായി 64 കുട്ടികളും പരീക്ഷക്കെത്തിയത്. സുരക്ഷയെ അടിസ്ഥാനമാക്കി ചോദ്യപേപ്പറുകൾ സെന്റർ അടിസ്ഥാനത്തിൽ ബാങ്ക് ലോക്കറിലും ട്രഷറികളിലുമായാണ് സൂക്ഷിച്ചിരിക്കുന്നത്.