തുറവൂർ: ലോക വിനോദസഞ്ചാര ഭൂപടത്തിൽ സ്ഥാനം പിടിച്ച പ്രകൃതിരമണീയമായ കടൽത്തീരമാണ് അന്ധകാരനഴി ബീച്ച്. സ്വദേശിയരും വിദേശിയരുമായ ധാരാളം സഞ്ചാരികൾ ദിവസവും എത്തുന്നുണ്ടെങ്കിലും ഒന്നു മൂത്രമൊഴിക്കണമെന്നു കരുതിയാൽ നിർവാഹമില്ല.

ഉണ്ടായിരുന്ന ശൗചാലയം വൃത്തിഹീനമായിക്കിടക്കുകയാണെന്നു മാത്രമല്ല അതിന്റെ വാതിലും സമൂഹികവിരുദ്ധർ തകർത്തു. സുനാമി പദ്ധതി പ്രകാരം 33.2 കോടി ചെലവിട്ട് നിരവധി നിർമാണങ്ങൾ നടത്തിയ ബീച്ചിന്റെ മേൽനോട്ടച്ചുമതല ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനെയാണ് ഏൽപ്പിച്ചിരുന്നത്. ആകെ നാല്‌ ശൗചാലയങ്ങളാണിവിടുള്ളത്. ഡി.ടി.പി.സി. താത്കാലികമായി നിയമിച്ച സെക്യൂരിറ്റി ജീവനക്കാരായിരുന്നു ഇവ വൃത്തിയാക്കിയിരുന്നത്. എന്നാൽ, ഇവരെ പിരിച്ചുവിട്ടതോടെ ശൗചാലയങ്ങൾ ആരും തിരിഞ്ഞുനോക്കാതായി. എന്നാലും വൃത്തിഹീനമായ ശൗചാലയത്തിൽ അസഹ്യമായ ദുർഗന്ധം സഹിച്ചുകയറാമെന്നു കരുതിയാൽ വാതിൽ അടച്ചിടാൻ പാളിയില്ല.

സ്ത്രീകളുൾപ്പടെയുള്ളവർ സമീപത്തെ വീടുകളെയാണ് ആശ്രയിക്കുന്നത്. അന്ധകാരനഴിയുടെ മേൽനോട്ടച്ചുമതല തങ്ങൾക്കായിരുന്നെന്നും നിലവിൽ പട്ടണക്കാട് പഞ്ചായത്തിനാണെന്നും ഡി.ടി.പി.സി. സെക്രട്ടറി എം.മാലിൻ പറഞ്ഞു. എന്നാൽ, തങ്ങൾ ആവശ്യപ്പെട്ടെങ്കിലും മേൽനോട്ടച്ചുമതല കൈമാറായിട്ടില്ലെന്ന് പട്ടണക്കാട് പഞ്ചായത്ത് പ്രസിഡന്റെ കെ.ആർ.പ്രമോദ് അറിയിച്ചു.