ആലപ്പുഴ: ജലസംഭരണി സ്ഥാപിക്കാനായി കുഴിച്ചെടുത്ത മണ്ണും ചെളിയും കോരിവെച്ചതിനെ തുടർന്ന് ജല അതോറിറ്റിയുടെയും സമീപത്തെ വീടിന്റെയും മതിലുകൾ തകർന്നു. നടവഴിയും അടഞ്ഞു. ആലപ്പുഴ ലജ്നത്ത് വാർഡിൽ പി.എസ്.സി. ഓഫീസിന് സമീപത്തെ ജല അതോറിറ്റിയുടെ ജലസംഭരണി നിർമാണമാണ് നാട്ടുകാർക്ക് ദുരിതമായത്.

തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് കുത്തിയെടുത്ത ചെളി കുന്നുകൂടി മതിൽ തകർന്നത്. ലജ്നത്ത് വാർഡ് അഷ്റഫിന്റെ വീടിന്റെ മതിലാണ് തകർന്നത്. മണ്ണും ചെളിയും വീണതിനെത്തുടർന്ന് സമീപത്തുള്ള രണ്ട്‌ കുടുംബങ്ങളുടെ നടവഴിയും ഇല്ലാതായി. ചെളി നീക്കംചെയ്യാമെന്ന് ജല അതോറിറ്റി അധികൃതർ പറഞ്ഞെങ്കിലും രാത്രിയായിട്ടും നടപടിയുണ്ടായില്ല.

അമൃത് പദ്ധതിയുടെ ഭാഗമായി വലിയ ജലസംഭരണി സ്ഥാപിക്കുന്നതിനായാണ് ജല അതോറിറ്റിയുടെ സ്ഥലത്ത് കുഴിയെടുത്തത്. ഇവിടെനിന്നുള്ള ചെളി മതിലിനോട് ചേർത്തുവെച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് നാട്ടുകാർ പറയുന്നു.