ചേർത്തല: ‘യെഹാം ആവോ...’ വിളിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി.. അടുത്തെത്തിയപ്പോൾ ‘ബഹുത്തച്ഛാ ബേഠീ...’ യെന്ന അഭിനന്ദനം. കാൽതൊട്ടു വന്ദിച്ചപ്പോൾ ആർക്കു മുന്നിലും തലകുനിക്കരുതെന്ന ഉപദേശവും. പരീക്ഷാ പേ ചർച്ചകഴിഞ്ഞ് ഒരുമാസം പിന്നിടുമ്പോഴും പ്രധാനമന്ത്രിയുടെ വാക്കുകൾ ഹൃദ്യ എസ്.നായരുടെ മുന്നിൽ മുഴങ്ങുകയാണ്.

3,000 പേരിൽനിന്ന്‌ പലകടമ്പകൾ കടന്നാണ് പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചർച്ചയിൽ അവതാരകയായെത്തിയത്. ഇതിന്റെ അമ്പരപ്പ്‌ മാറുംമുമ്പാണ് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള അഭിനന്ദനം. പരിപാടി കഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോഴാണ് അടുത്തുവിളിച്ച് അഭിനന്ദിച്ചത്. ആദ്യമായി അവതാരകയായി. അതും പ്രധാനമന്ത്രിയ്‌ക്കൊപ്പം. എന്നിട്ടും പതറാതിരുന്ന 16 കാരിയെ ജന്മനാട് അനുമോദിച്ചു.

ചേർത്തല കൊക്കോതമംഗലം പള്ളിത്തറ സി.എൻ. സതീഷിന്റെയും സ്മിതയുടെയും മകളാണ് ഹൃദ്യ എസ്.നായർ. ബെംഗളൂരുവിൽ കേന്ദ്രീയ വിദ്യാലയത്തിലെ പതിനൊന്നാംതരം വിദ്യാർഥിനി. ഇംഗ്ലീഷിനേക്കാളും മലയാളിയുടെ ഹിന്ദിവാക്കുകളാണ് കൈയടി നേടിയത്. ഹിന്ദിയിലെ അവതരണം അവസാന മണിക്കൂറിലെ തീരുമാനം മാത്രവും.

ഇംഗ്ലീഷ് പ്രസംഗത്തിൽ മികവുകാട്ടിയതിനാലാണ് കേന്ദ്രീയ വിദ്യാലത്തിന്റെ 3,000 കുട്ടികളിലൊരാളായി ഹൃദ്യയെയും തിരഞ്ഞെടുത്തത്. ഇതിൽനിന്ന്‌ പട്ടിക 300 പേരായും പിന്നീട്‌ 18 പേരായും ചുരുങ്ങിയപ്പോഴും ഹൃദ്യയെന്ന പേര്‌ വെട്ടിപ്പോയില്ല. ഡൽഹിയിലെത്താൻ നിർദേശമെത്തുന്നത് പരിപാടിക്ക് അഞ്ചുദിവസം മാത്രമുള്ളപ്പോൾ. ചർച്ചയിൽ ആദ്യമായാണ് വിദ്യാർഥികൾതന്നെ അവതാരകരായത്. അതിലൊരാളാണെന്നറിയുന്നതു ഡൽഹിയിലെത്തിയപ്പോൾ മാത്രം.

hrudya
ഹൃദ്യ എസ്.നായര്‍ പ്രധാനമന്ത്രിയ്ക്കൊപ്പം

ഇംഗ്ലീഷ് മാനദണ്ഡമാക്കിയായിരുന്നു നിശ്ചയമെങ്കിലും അവസാന മണിക്കൂറിൽ ഹൃദ്യയെ ഹിന്ദി വിശദീകരണത്തിനും തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചയിച്ച 20 ചോദ്യങ്ങളിൽ 10 ചോദ്യങ്ങളും പ്രധാനമന്ത്രിക്കുമുന്നിലെത്തിച്ചത്‌ ഹൃദ്യയായിരുന്നു. അവതരിപ്പിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ മാത്രമാണ് ചോദ്യങ്ങൾ അവതാരകരിലേക്കെത്തിയത്. പരിപാടികഴിഞ്ഞ്‌ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നാണ് അഭിനന്ദനങ്ങളെത്തിയത്. നാട്ടിലെത്തിയപ്പോൾ ജന്മനാട്ടിന്റെ അനുമോദനവും.

കോതാകാട്ട് ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തണ്ണീർമുക്കം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ജ്യോതിസ് ഉപഹാരം നൽകി. ഗ്രാമപ്പഞ്ചായത്തംഗം പി.എൻ.സനുജ, സുധർമ സന്തോഷ്, വിനിത മനോജ്, സാനു സുധീന്ദ്രൻ, സനൽനാഥ് തുടങ്ങിയവർ പങ്കെടുത്തു.