ആലപ്പുഴ: ജില്ലയെ നടുക്കിയ ചമ്മനാട് ദുരന്തവും ഫെബ്രുവരിയിലെ നടുക്കുന്ന ഓർമയാണ്. ചമ്മനാട് ദുരന്തം നടന്നിട്ട് 26 വർഷം പൂർത്തിയായെങ്കിലും ഇന്നും നാടിന്റെ നൊന്പരമാണ് ഫെബ്രുവരിലെ ആ നഷ്ടം. പോലീസ് രേഖകൾ പ്രകാരം 1994 ഫെബ്രുവരി അഞ്ചിന് രാത്രി 10.15-നാണ് ദേശീയപാതയിൽ ചമ്മനാട് ഇ.സി.ഇ.കെ. യൂണിയൻ ഹൈസ്കൂളിനുസമീപം അപകടം നടന്നത്.

തിരുവനന്തപുരം ബാലമന്ദിരത്തിലെയും ബാലികാമന്ദിരത്തിലെയും കുട്ടികളടക്കം 103 യാത്രക്കാരുമായെത്തിയ കെ.എസ്.ആർ.ടി.സി. ബസും ചകിരി കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. 37 പേരാണ് അപകടത്തിൽ മരിച്ചത്.

അപകടനം നടന്നത് ഇങ്ങനെ

അന്ന് ദേശീയപാത ഒറ്റവരിമാത്രം. ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്നു കെ.എസ്.ആർ.ടി.സി. ഫാസ്റ്റ് പാസഞ്ചർ ബസ്. ചമ്മനാട്ടുവെച്ച് എതിരേ കയർകയറ്റിവന്ന ലോറിയുടെ ലൈറ്റ് ഡിം ചെയ്യാതിരുന്നതിനാൽ ബസിന് മുന്നേ പോയിരുന്ന സൈക്കിൾ, ബസ് ഡ്രൈവറടെ കാഴ്ചയിൽപ്പെട്ടത് അടുത്തെത്തിയ ശേഷം. ഇവരെ രക്ഷിക്കാൻ ബസ് വലത്തോട്ട് വെട്ടിച്ചപ്പോൾ ബസിന്റെ മുൻവശം ലോറിയുടെ ഡീസൽടാങ്കിന്റെ ഭാഗത്ത് ശക്തിയായി ഇടിച്ചു. ബസിന്റെ മുൻഭാഗം പൂർണമായിതകർന്നു. ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി ഡീസൽ പരന്നു. ഇടിയുടെ ആഘാതത്തിലുണ്ടായ തീപ്പൊരി ‍ഡീസലിലേക്ക് പടരുകയുമായിരുന്നു. ഡീസലും ലോറിയിലെ കയറും തീ പെട്ടെന്ന് ആളിപ്പിടിക്കുന്നതിന് ഇടയാക്കിയെന്നാണ് പോലീസ് റിപ്പോർ‍ട്ട്. 33 ബസ് യാത്രക്കാരും ലോറി ഡ്രൈവറും ക്ലീനറും ഉൾപ്പെടെ 35 പേർ സംഭവദിവസം തന്നെ മരിച്ചു. കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവർ എം.എം.ദിവാകരനടക്കം രണ്ടുപേർ ചികിത്സയിലിരിക്കെയും മരിച്ചു. ഇ.സി.ഇ.കെ. സ്കൂൾ വാർഷികത്തിൽ പങ്കെടുത്തിരുന്നവരും കിഴക്കേ ചമ്മനാട് ദേവീക്ഷേത്രോത്സവത്തിൽ പങ്കെടുത്തിരുന്നവരും മറ്റു വാഹനയാത്രക്കാരുമാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.

തിരിച്ചറിയാതെഇന്നും മൂന്നുപേർ

: മരിച്ചവരെല്ലാം കത്തിയമർന്ന് കരിക്കട്ടകളായി. വളരെ ശ്രമിച്ചിട്ടാണ് 26 പേരെ തിരിച്ചറിഞ്ഞത്. ദിവസങ്ങൾക്കുശേഷം, തിരിച്ചറിയാനാകാത്ത ഒൻപതുപേരുടെ മൃതദേഹങ്ങൾ ചേർത്തല മുനിസിപ്പൽ ശ്മശാനത്തിൽ സംസ്കരിച്ചു. ഇതിൽ ആറുമാസത്തിനുള്ളിൽ ആറുപേരെക്കൂടി തിരിച്ചറിഞ്ഞു. മരിച്ചവരിൽ ഇനിയും മൂന്നുപേർ അജ്ഞാതരായി തുടരുന്നു.