ആലപ്പുഴ: വൈദ്യുതി ബില്ലിൽ കുടിശ്ശികയായി 2,50,000 രൂപ കടന്നുകൂടിയതുകണ്ട് ഷോക്കടിച്ചതു പോലെയായിരുന്നു ആലപ്പുഴ വണ്ടാനം സ്വദേശി എം.നിസാമിന്റെ സ്ഥിതി. ഇദ്ദേഹം വൈദ്യുതിമന്ത്രി എം.എം.മണിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടത്തിയ വൈദ്യുതി അദാലത്തിൽനിന്ന് തിരിച്ചുപോയത് മനസ്സമാധാനത്തോടെ. നിസാമിന്റെ ഐസ് പ്ലാന്റിലെ വൈദ്യുതി ബില്ലാണ് മാസങ്ങളായി നിയമക്കുരുക്കിൽപ്പെട്ടു കിടന്നത്. ബില്ല് അടയ്ക്കുന്നതിൽ മുടക്കം വരുത്താതിരുന്നിട്ടും എങ്ങനെ ഇത്രയും വലിയ തുക കുടിശ്ശികയായി വന്നു എന്ന് നിസാമിന് അറിയില്ല.

വൈദ്യതിഓഫീസ് കണക്കുകളിൽ വന്ന തെറ്റ്‌ ലക്ഷങ്ങളുടെ ബാധ്യതയായി മാറുകയായിരുന്നു. അദാലത്തിൽ നിസാമിന്റെ പരാതി എത്തിയപ്പോൾത്തന്നെ പരിശോധിച്ച് അസ്വാഭാവിക കുടിശ്ശികത്തുകയും പിഴയും ഒഴിവാക്കാൻ ഉദ്യോഗസ്ഥർ നടപടിയെടുത്തു. കുടിശ്ശിക തുകയുടെ ബാധ്യതയിൽനിന്ന് ഒഴിവാക്കിയ രേഖ മന്ത്രി നിസാമിന് കൈമാറി.

പുരയിടത്തിന് അകത്തുകൂടി വലിച്ച വൈദ്യുതി ലൈൻ, വീട് നിർമാണത്തിന് തടസ്സമാകുന്നതിനാൽ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് കാക്കാഴം സ്വദേശി എം.സുഗുണൻ എത്തിയത്. സുഗുണന്റെ ആവശ്യം മന്ത്രി അംഗീകരിച്ചു.

വീടിനടുത്തായി സ്ഥാപിച്ച വൈദ്യുതിത്തൂൺ മാറ്റണം എന്നാവശ്യപ്പെട്ട് എത്തിയ കാവാലം സ്വദേശി ചാക്കോ വർഗീസിനും മന്ത്രിയുടെ അനുകൂല ഉത്തരവ് ലഭിച്ചു.

മന്ത്രി എം.എം.മണി അദാലത്ത് ഉദ്ഘാടനം ചെയ്തു. എ.എം.ആരിഫ് എം.പി. അധ്യക്ഷനായിരുന്നു. യു.പ്രതിഭ എം.എൽ.എ., ബഷീർ കോയാപറമ്പിൽ, എൽ.സലിലാകുമാരി, കെ.എസ്.ഇ.ബി. ചെയർമാനും എം.ഡി.യുമായ എൻ.എസ്.പിള്ള, ഡയറക്‌ടർ പി.കുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.

970 പരാതികൾ തീർപ്പാക്കി

അദാലത്തിൽ 1,153 പരാതികളാണ് കിട്ടിയത്. 970 എണ്ണം തീർപ്പാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ജനങ്ങൾക്കായി അഞ്ച് സെക്ഷനുകളായി തിരിച്ചാണ് അദാലത്ത് നടത്തിയത്. ചേർത്തല സെക്ഷനിൽ 345, ആലപ്പുഴ സെക്ഷനിൽ 297, ഹരിപ്പാട് സെക്ഷനിൽ 80, മാവേലിക്കര സെക്ഷനിൽ 55, ചെങ്ങന്നൂർ സെക്ഷനിൽ 54, തത്സമയ പരാതി പരിഹാര സെക്ഷനിൽ 139 എന്നിങ്ങനെയാണ് പരാതികൾ പരിഹരിച്ചത്.

വിവിധ പരാതികളിലായി 10,938,868 രൂപയുടെ ഇളവ് അദാലത്തിൽ പങ്കെടുത്തവർക്ക് നൽകി.