പൂച്ചാക്കൽ: ഭിന്നശേഷി വിദ്യാർഥികളുടെ കഴിവുകളിൽ വിരിയുന്നത് നിരവധി ഉത്പന്നങ്ങൾ. മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് പാണാവള്ളി പഞ്ചായത്തിന് കീഴിലുള്ള ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിൽ (കരുണ സ്‌കൂൾ).

ഇവിടുത്തെ വിദ്യാർഥികൾ നിർമിക്കുന്ന ഉത്പന്നങ്ങൾ വിലയ്ക്കുവാങ്ങി പ്രോത്സാഹിപ്പിക്കാൻ നാട്ടുകാരും രംഗത്തുണ്ട്. വിദ്യാർഥികളുടെ കഴിവുകൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയാണ് ഇതുവഴി ചെയ്യുന്നത്. വസ്ത്രങ്ങൾ തുന്നിപ്പിടിപ്പിച്ചുള്ള ചവിട്ടികൾ മുതൽ റീഫില്ലറുകളിൽ പേപ്പർ ചുറ്റി അതിനുള്ളിൽ പച്ചക്കറി വിത്തുകൾ നിറച്ചുള്ള പ്രകൃതിസൗഹൃദ പേനകൾവരെ ഇവർ നിർമിക്കുന്നു. പാഴായി പോകുന്ന കുപ്പികളിൽ പെയിന്റ് ചെയ്ത് മനോഹര വസ്തുക്കളാക്കി മാറ്റുന്നു. മുത്തുമാലകളും മെഴുകുതിരികളുടെ നിർമാണവും ഇവിടെ നടക്കുന്നുണ്ട്. സ്‌കൂൾ വളപ്പിലെ ഓരോ ഇനം പച്ചക്കറിയുടെയും സംരക്ഷണം ഓരോ വിദ്യാർഥിയെ ഏൽപ്പിച്ചിരിക്കുകയാണ്. സസ്യങ്ങളുടെ പരിപോഷണം അഗ്രിതെറാപ്പിയുടെ ഭാഗമായാണ് വിദ്യാർഥികൾ നിർവഹിക്കുന്നത്.

ജില്ലാ കുടുബശ്രീ മിഷന്റെ നിർദേശത്തെ തുടർന്ന‌ാണ്‌ ഉത്പന്നങ്ങൾ നിർമിക്കുന്നത്. ഭിന്നശേഷിക്കാരുടെ തൊഴിൽപരിശീലനവും പുനരധിവാസവും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.

വിദ്യാർഥികൾ നിർമിക്കുന്ന ഉത്പന്നങ്ങൾ വിറ്റഴിക്കുമ്പോൾ അതുവഴി ഒരു വരുമാനം കൂടി അവർക്ക് കിട്ടുന്ന തരത്തിലേക്കും ലക്ഷ്യമിടുന്നുണ്ട്. 2015 ജൂലായ്‌ 13-ന് ആരംഭിച്ച പാണാവള്ളി ബഡ്‌സ് സ്‌കൂളിൽ ഇന്ന് 33 പേർ പഠിക്കുന്നുണ്ട്. 18-നും 55-നും ഇടയിൽ പ്രായമുള്ളവരാണിവർ. ഒട്ടേറെ പ്രയാസങ്ങളുള്ള കുടുബങ്ങളിൽനിന്ന്‌ സ്‌കൂളിലെത്തുന്നവരാണ് ഇവിടുത്തെ വിദ്യാർഥികളിൽ മിക്കവരും. സ്‌കൂളിലെ അധ്യാപിക അസ്മി അബിയും ഹെൽപ്പർ രജനിമോളും ചേർന്നാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പാണാവള്ളി പഞ്ചായത്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.