ചേർത്തല: വേമ്പനാട്ടുകായലിൽ കടുത്ത പ്രതിസന്ധിയായി പോളനിറഞ്ഞു. കുട്ടനാടൻ കൃഷിയിടങ്ങളിൽനിന്ന്‌ പുറത്തേക്കൊഴുകുന്ന പോളയാണ് കായലിൽ നിറയുന്നത്. ഇടക്കായലുകളിലടക്കം പോള ഭീഷണിയായി നിറഞ്ഞിട്ടുണ്ട്. ദേശീയ ജലപാതയിലെ ഗതാഗതത്തെപ്പോലും ബാധിക്കുന്ന തരത്തിലാണ് പോളനിറയുന്നത്.

ഇതിനൊപ്പം മത്സ്യത്തൊഴിലാളികളുടെ തൊഴിലിടങ്ങളടഞ്ഞാണ് പോളഭീഷണി. മത്സ്യബന്ധനം തീർത്തും നിലച്ച സ്ഥിതിയിലാണ് ഉൾനാടൻ മത്സ്യത്തൊഴിലാളികൾ. രണ്ടാഴ്ചയിലധികമയി തൊഴിൽ നഷ്ടപ്പെട്ടിരിക്കുകയാണ്. 20000 -ഓളം കുടുംബങ്ങളെയാണ് ഇതു ബാധിച്ചിരിക്കുന്നത്.

അടിയന്തര ഇടപെടൽവേണമെന്ന് തണ്ണീർമുക്കം ഗ്രാമപ്പഞ്ചായത്ത്

മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതപൂർണമാകുന്ന സാഹചര്യത്തിൽ. സർക്കാരും മത്സ്യവകുപ്പും അടിയന്തരമമായി ഇടപെടണമെന്ന് തണ്ണീർമുക്കം ഗ്രാമപ്പഞ്ചായത്ത് പ്രമേയം. പോളനീക്കം ചെയ്യുകയും തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾക്ക്‌ സൗജന്യ റേഷൻ അനുവദിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യം കാട്ടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ജ്യോതിസിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർ എം.അഞ്ജനയ്ക്ക്‌ നിവേദനം നൽകി.

നടപടികളുണ്ടാകണം

പായൽ പ്രതിസന്ധി പരിഹരിക്കാൻ നടപടികളുണ്ടാകണം. ഇത്തരത്തിൽ എല്ലാ വർഷവും പ്രതിസന്ധിയുണ്ടാകുന്നുണ്ട്. എന്നാൽ, ഇതിനുവേണ്ട മുൻകരുതലുണ്ടാകുന്നില്ല.- ടി.കെ.മോഹൻദാസ്, ധീവരസഭ, താലൂക്ക് സെക്രട്ടറി