ആലപ്പുഴ: തോണ്ടൻകുളങ്ങര ടൈനി ടോട്സ് ജൂനിയർ സ്കൂളിലെ സീഡ് ക്ലബ്ബ് കൂട്ടുകാർ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ആലപ്പുഴ ജില്ലാ ഓഫീസ് സന്ദർശിച്ചു.
ശാസ്ത്രജ്ഞ ശ്രീകല കുട്ടികൾക്കായി ക്ലാസെടുത്തു. ഇൻഡോർ സസ്യങ്ങൾ കൊണ്ടുള്ള നേട്ടങ്ങൾ, വായു ശുദ്ധീകരിക്കാനും ഓക്സിജൻ ലഭ്യമാക്കാനും അവയ്ക്കുള്ള പങ്ക്, പേപ്പർ റീസൈക്ലിങ് ചെയ്യേണ്ടതിന്റെ ആവശ്യകത, മരങ്ങൾ നട്ടുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ളതായിരുന്നു ക്ലാസ്.
ജലശുദ്ധീകരണ യൂണിറ്റിന്റെ പ്രവത്തനങ്ങൾ, അതിനുപയോഗിക്കുന്ന ഉപകരണങ്ങൾ, മഴവെള്ള സംഭരണം, പ്രവർത്തനങ്ങൾ, കയർ ഭൂവസ്ത്രം ഉപയോഗിച്ചിരിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങൾ ഇവയൊക്കെ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു.
ഉപയോഗശൂന്യമായ വസ്തുക്കൾ ഉപയോഗിച്ചു നിർമിച്ച മനോഹരമായ ക്രിസ്‌മസ് ട്രീയുടെ നിർമാണ രീതിയും ലക്ഷ്യവും കുട്ടികളുമായി പങ്കുവച്ചു.
തോട്ടത്തിലെ വിവിധതരം സസ്യങ്ങൾ പരിചയപ്പെടുത്തുകയും അവയുടെ ശാസ്ത്രീയ നാമം ഉൾപ്പെടെയുള്ള അറിവുകൾ പകർന്നു നൽകുകയുണ്ടായി. മലിനീകരണം തടയുന്നത് എങ്ങനെ പ്രായോഗികമാക്കാമെന്ന് ബോധ്യപ്പെടുത്തുന്ന അനുഭവമായിരുന്നു ഈ സ്ഥാപനം സമ്മാനിച്ചത്.
സീഡ് കോ-ഓർഡിനേറ്റർ ജെസ്സി ആന്റണി, സീഡ് ക്ലബ്ബ് അംഗങ്ങളായ സാലിഹ, ആയിഷ, ആവണി, അനീറ്റ, ക്രിസ്റ്റി, അദ്വൈത്, സൂരജ്, അതുൽ, അമീൻ, മുഹ്സിൻ എന്നിവർ നേതൃത്വം നൽകി.