മാന്നാർ: 30 വർഷമായി തരിശുകിടന്ന മാന്നാർ കുട്ടമ്പേരൂർ ആലക്കോട്ട് പാടശേഖരത്തിൽ കൃഷിക്ക് ഒരുക്കങ്ങൾ ആരംഭിച്ചു. ഒരാൾപ്പൊക്കത്തിൽ കളകൾ കിളിർത്ത് കാടുകയറിയ നിലയിൽ കിടന്നിരുന്ന 50 ഏക്കറോളം വരുന്ന പാടമാണ് ഇപ്പോൾ കൃഷിയോഗ്യമാക്കി വിത്തുവിതയ്ക്കാൻ പോകുന്നത്. പമ്പാനദിയും കുട്ടമ്പേരൂരാറും ഈ പാടശേഖരത്തിന്റെ ഇരുവശങ്ങളിലൂടെയാണ് ഒഴുകുന്നത്. അതിനാൽ ജലസേചനത്തിന് സൗകര്യം ഏറെയാണ്.

വേനൽക്കാലങ്ങളിൽ ഈ പാടശേഖരത്തിലെ വലിയ സസ്യങ്ങൾക്ക് തീപിടിക്കുന്നതും ഇത് അണയ്ക്കാൻ അഗ്നിശമനസേനയും നാട്ടുകാരും പണിപ്പെടുന്നതും ഏല്ലാ വർഷവും പതിവായിരുന്നു. കഴിഞ്ഞ രണ്ടുമാസക്കാലമായി യന്ത്രങ്ങൾ ഉപയോഗിച്ച് ഈ പാടശേഖരം കൃഷിക്കായി ഒരുക്കി. പാടത്തിന് നടുവിലൂടെ വലിയ തോടും ബണ്ടും നിർമിച്ചിട്ടുണ്ട്. പെട്ടിയും പറയും സ്ഥാപിച്ചുകഴിഞ്ഞു.

പാടശേഖരസമിതി ഭാരവാഹികളായ കെ.മധുവിന്റെയും കെ.സോമനാഥൻ നായരുടെയും നേതൃത്വത്തിലാണ് പാടം കൃഷിയോഗ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചത്. ടൈറ്റസ് കുര്യൻ, കുര്യാക്കോസ് എന്നിവർക്ക് അഞ്ചുവർഷത്തേക്ക് പാട്ടത്തിന് നൽകിയാണ് കൃഷിയിറക്കുന്നത്. ഈ പാടത്തെ വിത്തുവിതയുടെ ഉദ്ഘാടനം 13-ന് രാവിലെ 9-ന് സജി ചെറിയാൻ എം.എൽ.എ. നിർവഹിക്കും.