മാവേലിക്കര: ഗുരുതുല്യനായി കണ്ടിരുന്ന മാവേലിക്കര കൃഷ്ണൻകുട്ടിനായർക്ക് യേശുദാസ് നൽകിയ ഗുരുദക്ഷിണയാണ് മാവേലിക്കര കൃഷ്ണൻകുട്ടിനായർ സ്മാരക ശ്രീകൃഷ്ണ ഗാനസഭാമന്ദിരം. യേശുദാസിന്റെ കച്ചേരികൾക്ക് മൃദംഗം വായിച്ചിരുന്ന കൃഷ്ണൻകുട്ടിനായരോട് യേശുദാസിനുള്ള അടുപ്പം പ്രസിദ്ധമായിരുന്നു.

‘നക്ഷത്രദീപങ്ങൾ തിളങ്ങി...’ എന്ന ചലച്ചിത്രഗാനം കച്ചേരികളിൽ ആലപിക്കുമ്പോൾ ‘മൃദംഗത്തിൽ പാലക്കാട്ട് മണി...’ എന്ന ഭാഗം മാവേലിക്കര കൃഷ്ണൻകുട്ടി എന്നുമാറ്റിയാണ് യേശുദാസ് പാടിയിരുന്നത്.

കൃഷ്ണൻകുട്ടിനായരുടെ മരണശേഷം മാവേലിക്കര ശ്രീകൃഷ്ണഗാനസഭയുടെ പ്രവർത്തകർ അദ്ദേഹത്തിന് സ്മാരകം നിർമിക്കുന്നതിനെപ്പറ്റി ആലോചിച്ചപ്പോൾ ആദ്യം സമീപിച്ചത് യേശുദാസിനെയാണ്. ഫണ്ട് സ്വരൂപിക്കുന്നതിനായി താൻ ഗാനമേള നടത്തിത്തരാമെന്ന് യേശുദാസ് വാഗ്ദാനം ചെയ്തു.

തൊണ്ണൂറുകളുടെ ആദ്യ പകുതിയിലായിരുന്നു ഇത്. മാവേലിക്കര ഗവ. ബോയ്‌സ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഗാനമേളയിലൂടെ നാലുലക്ഷത്തോളം രൂപ അന്ന് പിരിഞ്ഞുകിട്ടി. ഈ പണമുപയോഗിച്ചാണ് മാവേലിക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന് തെക്കുവശം സ്മാരകത്തിനായി പത്തുസെന്റ് സ്ഥലം വാങ്ങിയത്. പിന്നീട് കേന്ദ്ര സാംസ്കാരികവകുപ്പിന്റെ ഗ്രാന്റും ഗാനസഭാ പ്രവർത്തകർ സ്വരൂപിച്ച പണവും ഉപയോഗിച്ച് കെട്ടിടം നിർമിച്ചു. ഇന്ന് മാവേലിക്കരയിലെ സാംസ്കാരിക പരിപാടികളുടെ പ്രധാന കേന്ദ്രമാണ് ശ്രീകൃഷ്ണ ഗാനസഭാമന്ദിരം.