ആലപ്പുഴ: സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനം ഊർജിതമാക്കി കുടുംബശ്രീ ജില്ലാമിഷൻ. കുടുംബശ്രീയുടെ ഉത്‌പ്പന്നങ്ങളും സേവനങ്ങളും പ്ലാസ്റ്റിക് ഫ്രീ ആയിക്കഴിഞ്ഞു.

കവറുകൾ ഒഴിവാക്കി തുണിസഞ്ചി നിർമിക്കുന്നതിന് ജില്ലയിൽ 151 തയ്യൽ യൂണിറ്റുകൾ ആരംഭിച്ചിട്ടുണ്ട്. പേപ്പർ ബാഗുകൾ നിർമിക്കാൻ 129 യൂണിറ്റുകളും ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ആവശ്യാനുസരണം ഓർഡർ നൽകുന്ന മുറയ്ക്കാണ് കടകൾക്കും മറ്റും നിർമിച്ചു നൽകുക.

10 മുതൽ 15 രൂപ വരെയുണ്ട് തുണി സഞ്ചിക്ക് വില. പേപ്പർ കിറ്റുകൾക്ക് വലിപ്പത്തിനനുസരിച്ചാണ് വില. 15 കിലോ തൂക്കംവരെ കൊണ്ടുപോകാനുള്ള സഞ്ചികൾ വിപണിയിലുണ്ട്. ധാന്യങ്ങളും മറ്റ് പൊടികളും തൂക്കി നൽകുന്നതിന് പഴയ പത്രങ്ങൾകൊണ്ടുള്ള ചെറു കവറുകളും നിർമിച്ചുനൽകുന്നുണ്ട്.

കവറുകൾ മാത്രമല്ല പ്ലാസ്റ്റിക്കിനെ ഒഴിവാക്കാനുള്ള മറ്റ് പ്രവർത്തനങ്ങളും കുടുംബശ്രീ നടപ്പാക്കാനൊരുങ്ങുകയാണ്. ഘട്ടംഘട്ടമായി ഒഴിവാക്കി പ്രകൃതിദത്ത ഉത്‌പന്നങ്ങൾ തിരികെ കൊണ്ടുവരാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ടെന്ന് കുടുംബശ്രീ മിഷൻ ജില്ലാ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ പി.സുനിൽ പറഞ്ഞു.

നിലവിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്‌പന്നം - പ്രകൃതിദത്തമായി ഉപയോഗിക്കുന്നതിന്

* പ്ലാസ്റ്റിക് ക്യാരി ബാഗ് - തുണിസഞ്ചി, പേപ്പർ ബാഗ്

* പേന - പേപ്പർപേന(വിത്ത് പേന)

* പ്ലാസ്റ്റിക്ക് ചവിട്ടി- തുണികൊണ്ടുള്ള ചവിട്ടി, കയർ ചവിട്ടി

* സോപ്പുപെട്ടി- പാള കൊണ്ട് സോപ്പ് പെട്ടി നിർമിക്കാം

* പ്ലാസ്റ്റിക് കളിപ്പാട്ടം - തടി, തുണി, പഞ്ഞി എന്നിവയോ മറ്റ് പ്രകൃതിദത്ത വസ്തുക്കൾകൊണ്ടുള്ളതോ നിർമിക്കാം

* പ്ലേറ്റ് - പാള, ഗ്ലാസ്, സ്റ്റീൽ പ്ലെയ്റ്റുകൾ

* ഇറച്ചി/മീൻ എന്നിവ വാങ്ങുന്നതിനുള്ള പ്ലാസ്റ്റിക് കവർ- കുട നിർമിക്കുന്ന തുണി ഉപയോഗിച്ച് പ്രത്യേക സഞ്ചി നിർമിക്കാം

* ഫയൽ - ജൂട്ട്, പേപ്പർ ഫയൽ

* ചീപ്പ് - തടി കൊണ്ട് ചീപ്പ് നിർമിക്കാം

* കുപ്പി - ഗ്ലാസ് ബോട്ടിൽ

* കൊടി/ബാനർ - തുണി, പേപ്പർ, ഓല, തടി

* ഗ്രോ ബാഗുകൾ- ചകിരി/കയർ, കളിമണ്ണ്, പഴയ സിമന്റ് ചാക്കുകൾ, ചട്ടികൾ

* മുറം- ഈറ്റ, കൈതോല

* പായ - തഴകൊണ്ടുള്ള പായ

* പ്ലാസ്റ്റിക് ഡെക്കറേഷൻസ്- ഓല, പൂക്കൾ, തുണി, പേപ്പർ ഡെക്കറേഷൻസ്

* കാൻഡിൽ സ്റ്റാൻഡുകൾ/ ഐസ്ക്രീം ബൗളുകൾ- മുള, ചിരട്ട, ഗ്ലാസ് ഉത്‌പന്നങ്ങൾ