തുറവൂർ: കായലോരത്ത് ചെളിയും എക്കലും അടിഞ്ഞുകൂടിയതിനെത്തുടർന് മത്സ്യത്തൊഴിലാളികൾ ദുരിതത്തിലായി. വള്ളങ്ങൾ ഇറക്കാനും കരയ്ക്കടുപ്പിക്കാനും ഇവർ ഏറെപ്പണിപ്പെടുകയാണ്.

വേമ്പനാട്ടുകായലിന്റെയും കൈതപ്പുഴ കായലിന്റെയും ഓരങ്ങളിലാണ് വൻതോതിൽ എക്കൽ അടിഞ്ഞുകൂടിയത്. പ്രളയാനന്തരമാണ് ഈ പ്രതിഭാസമുണ്ടായതെന്നാണ് തീരവാസികൾ പറയുന്നത്. വയലാർ, പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ, അരൂക്കുറ്റി, പാണാവള്ളി, തൈക്കാട്ടുശ്ശേരി, ചേന്നം പള്ളിപ്പുറം പഞ്ചായത്തുകളുടെ തീരമേഖലകളിലെ നൂറുകണക്കിന് തൊഴിലാളികളാണ് കായലുകളെ ആശ്രയിച്ച് ഉപജീവനം നടത്തുന്നത്. മിക്ക സ്ഥലങ്ങളിലും വള്ളങ്ങളിറക്കാൻ കഴിയാതായതോടെ ഇവരുടെ ജീവിതം പ്രതിസന്ധിയിലായി.