വെൺമണി: ഓരോ കൊല്ലവും വേനൽ കടുക്കുമ്പോൾ വെള്ളത്തിനായി നെട്ടോട്ടമോടുന്നത് വെൺമണിക്കാർക്ക്‌ മറക്കാനാവില്ല. അതുകൊണ്ടുതന്നെ വേനലിന്റെ മുന്നൊരുക്കമായി ജലസംരക്ഷണപ്രവർത്തനങ്ങളിൽ അവർ സജീവമാണ്. ജില്ലയിലെ പലയിടത്തും കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോൾ ജലസംരക്ഷണ പ്രവർത്തനങ്ങളിൽ ഉത്തമ മാതൃക സൃഷ്ടിക്കുകയാണ് വെൺമണി പഞ്ചായത്ത്. കയർഭൂവസ്ത്രം ഉപയോഗിച്ച് കൈയാലകളും വാൽക്കുളങ്ങളും ഒരുക്കുകയാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

ലക്ഷ്യം മഴവെള്ളസമാഹരണം

മഴയിൽനിന്ന്‌ ലഭിക്കുന്ന ജലം പരമാവധി ഭൂമിയിലേക്ക് ആഴ്ന്നിറക്കാനും അതിലൂടെ ഭൂഗർഭ ജലത്തിന്റെ അളവ് വർധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. വേനലിലെ ജലക്ഷാമത്തിന് ഇതിലൂടെ ശ്വാശ്വതപരിഹാരം കാണാമെന്ന് കരുതുന്നു. കനാലുകളുടെയും തോടുകളുടെയും തീരങ്ങളിൽ കയർഭൂവസ്ത്രം വിരിക്കുന്നതിലൂടെ മണ്ണിടിച്ചിൽ തടയാനും സാധിക്കും. മണ്ണ് കൈയാല നിർമിച്ച് കയർഭൂവസ്ത്രം വിരിക്കുന്നതിനൊപ്പം മഴക്കുഴികളും നിർമിച്ചിട്ടുണ്ട്. മഴക്കുഴികളിലൂടെ ഭൂഗർഭജലനിരപ്പ് ഉയർത്താൻ സാധിക്കും. ഇതോടെ സമീപപ്രദേശങ്ങളിലെ കിണറുകളും ജലസ്രോതസ്സുകളും ജലസമ്പന്നമാകും.

ചെലവ് 46.9 ലക്ഷം രൂപ

മുളയാണി ഉപയോഗിച്ച് കയർഭൂവസ്ത്രം കൈയാലകളിൽ ഉറപ്പിച്ച് മുകളിൽ തീറ്റപ്പുല്ലുകൾ പിടിപ്പിച്ചാണ് ഇതിന്റെ നിർമാണം. ഭൂമിയിലേക്ക് പരമാവധി ജലം ആഴ്ന്നിറങ്ങുന്നതിന് ഇത്തരം കൈയാലകൾ സഹായകമാകും. ഇത്തരം നിർമാണങ്ങൾ ഉത്തരപ്പള്ളി ആറിന്റെ തീരത്തടക്കം നടത്തുന്നുണ്ട്. ഇതോടെ ആറിന്റെ തിട്ട ഇടിയുന്നത് തടയാൻ സാധിക്കും. ഇതുവരെ 100 കുടുംബങ്ങളിൽ പദ്ധതി നടപ്പാക്കി. മുപ്പതോളം തൊഴിലാളികൾ 1437 തൊഴിൽദിനംകൊണ്ട് 46.9 ലക്ഷം രൂപ ചെലവിലാണ് പദ്ധതി പൂർത്തിയാക്കിയതെന്ന് വെൺമണി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലെജുകുമാർ പറഞ്ഞു.