ഹരിപ്പാട്: റോഡ്‌ നന്നാക്കാനായി നാടൊന്നിച്ച് നടത്തിയ അഗ്നിസമരത്തിന്റെ ഓർമപുതുക്കി ഏവൂരിൽ ദീപാഘോഷം. ഏവൂർ ക്ഷേത്രം മുതൽ ദേശീയപാതവരെയുള്ള റോഡിന് ഇരുപുറവും ദീപങ്ങൾ ഒരുക്കിയാണ് നാട് ആഘോഷത്തിൽ പങ്കുകൊണ്ടത്.

ഏവൂർ ക്ഷേത്രം റോഡ് വർഷങ്ങളാണ് തകർന്നുകിടന്നത്. നാട്ടുകാർ പലവിധ സമരങ്ങൾ നടത്തിയിട്ടും ഫലമുണ്ടായില്ല. ഒടുവിൽ 2012-ൽ വഴിയിൽ നിറയെ വിളക്കുകൾ കത്തിച്ച് അഗ്നിസമരം നടത്തി. ഇതോടെയാണ് റോഡ് നന്നാക്കാനുള്ള നടപടിയുണ്ടായത്.

അഗ്നിസമരത്തിന്റെ ഓർമപുതുക്കി 2013-മുതലാണ് പന്ത്രണ്ടുവിളക്കുദിവസം ദീപാഘോഷം നടത്തുന്നത്. ഏവൂർ പൗരസംഘം നേതൃത്വം നൽകിയ അഗ്നിസമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന നാട്ടുകാരനായ ഫാ. ടി.പി.ജോണാണ് വാർഷികാഘോഷം അന്നുമുതൽ ഉദ്ഘാടനം ചെയ്യുന്നത്. ഇത്തവണയും അദ്ദേഹംതന്നെ ഉദ്ഘാടനം നിർവഹിച്ചു. ഉദയൻ ഇല്ലത്തുതറ, സുകുമാരൻ, അമ്പിളി, ജയകൃഷ്ണൻ, സഞ്ജീവ്‌കുമാർ, എച്ച്.ചന്ദ്രസേനൻ നായർ, സോമൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.