മുതുകുളം: അടുത്തടുത്ത് മൂന്നിടങ്ങളിൽ ജല അതോറിറ്റിയുടെ പൈപ്പിൽനിന്ന് ശുദ്ധജലം നഷ്ടപ്പെടുന്നു. മുതുകുളം വടക്ക് കറുത്തേരി ജങ്ഷനിലും സമീപങ്ങളിലുമാണ് കുടിവെള്ളം പാഴാകുന്നത്. കറുത്തേരി ജങ്ഷനിൽ പൂട്ടിയ പൊതുടാപ്പിന് പിന്നിലൂടെയാണ് ജലം ചോരുന്നത്. മാസങ്ങളായി ഇവിടെ ജലം നഷ്ടപ്പെടുന്നുണ്ട്.

ഇതിനടുത്തായി വേലശ്ശേരിൽ ഭാഗത്തും കോൺക്രീറ്റ് റോഡിന്റെ അരികിൽകൂടി വെള്ളം പുറത്തേക്കൊഴുകുന്നു. മുൻപ് പൊതുടാപ്പുണ്ടായിരുന്ന സ്ഥലത്ത്‌ കൂടിയാണ് ഒഴുകുന്നതെന്ന് സമീപവാസികൾ പറഞ്ഞു.

കുറച്ചുവടക്കുമാറി കൊല്ലകൽ റോഡിൽ മോരുകണ്ടം ജങ്ഷന് സമീപവും പൈപ്പ് പൊട്ടി കുടിവെള്ളം നഷ്ടപ്പെടുകയാണ്. ഇവിടെ പുറത്തേയ്‌ക്കൊഴുകുന്ന വെള്ളംകെട്ടിനിന്ന് റോഡ് തകർന്നു. വലിയ കുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇരുചക്രവാഹന യാത്രികർക്ക് ഈ കുഴി വലിയഭീഷണിയാണ്.