ആലപ്പുഴ: നീളവും ബലവുമുള്ള കയർ കൈപ്പിരിയിൽ തീർക്കുക അത്ര എളുപ്പമല്ലെന്ന് തെളിയിക്കുന്നതായിരുന്നു ആലപ്പുഴ കടൽത്തീരത്ത് നടന്ന കയർപിരി മത്സരം. യന്ത്രറാട്ടുകളുടെ വരവോടെ അന്യംനിന്നുപോയ കയർ കൈപ്പിരിയുടെ ഓർമകൾ പുതുക്കുന്നതായിരുന്നു കയർ കേരള 2019-ന് മുന്നോടിയായി സംഘടിപ്പിച്ച മത്സരം.

നീളവും ബലവുമുള്ള കയർ കണ്ടിട്ടുണ്ടെങ്കിലും കൈകൊണ്ട് നിമിഷനേരത്തിൽ ചകിരിനാരുകൾ പിരിച്ച് കയറാക്കി മാറ്റുന്ന പരമ്പരാഗതരീതി പുതിയ തലമുറയ്ക്കും വേറിട്ട കാഴ്ചയായിരുന്നു.

യന്ത്രറാട്ടുകളുടെ വരവോടെ അന്യംനിന്നുകൊണ്ടിരിക്കുന്ന കയർ കൈപ്പിരിയെക്കുറിച്ച് പുതിയ തലമുറയ്ക്ക് പകർന്നുനൽകുന്നതിനും കയർപിരിയിലേർപ്പെട്ടിട്ടുള്ള സ്ത്രീ തൊഴിലാളികൾക്ക് പ്രചോദനമേകാനുമായാണ് കയർ കേരളയുടെ നേതൃത്വത്തിൽ മത്സരം സംഘടിപ്പിച്ചത്. വിവിധ മേഖലകളിൽനിന്നുള്ള 129 സ്ത്രീ തൊഴിലാളികളാണ് മത്സരത്തിൽ പങ്കെടുത്തത്.

43-പേർ വീതമുള്ള മൂന്ന്‌ ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരം. 10 മിനിട്ടിനുള്ളിൽ ഏറ്റവും നീളത്തിലും ബലത്തിലും കയർ പിരിച്ചവരെയാണ് വിജയികളായി തിരഞ്ഞെടുത്തത്. കയർഫെഡിൽനിന്നുള്ള വിദഗ്‌ധരായിരുന്നു വിധികർത്താക്കൾ.

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലായി 5000, 2500, 1000 എന്നിങ്ങനെയായിരുന്നു സമ്മാനത്തുക. ഒന്നാംസ്ഥാനം അജിത ഷൺമുഖനും നസീമ രണ്ടാംസ്ഥാനവും സുകന്യ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

പ്രത്യേകതയുള്ള കയർപിരിച്ച തങ്കമ്മ കൊമ്മാടിക്ക് പ്രോത്സാഹന സമ്മാനവും നൽകി. മുതിർന്ന കയർത്തൊഴിലാളിയായ ദേവകിയമ്മ, കമലയമ്മ, മണിയമ്മ എന്നിവരാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്.

മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലക്, കയർ മാറ്റ് ആൻഡ് മാറ്റിങ്‌സ് സൊസൈറ്റീസ് അസോസിയേഷൻ പ്രസിഡന്റ് ആർ.സുരേഷ്, ആർ.റിയാസ്, എ.റോഷ്‌ന എന്നിവർ സംസാരിച്ചു.

കയർപിരിയിൽ ഒരുകൈ നോക്കി വിദേശവനിതകൾ

ആലപ്പുഴ: കടപ്പുറത്ത് നടന്ന കയർപിരി മത്സരത്തിൽ നാടുകാണാനെത്തിയ വിദേശ വിനോദസഞ്ചാരികളും പങ്കുചേർന്നത് ശ്രദ്ധേയമായി. ജർമനിയിൽനിന്നെത്തിയ എമിലിയും ജാക്വിലിനുമാണ് ആലപ്പുഴയുടെ കയർപിരി കൈത്തഴക്കത്തിൽ പരീക്ഷണം നടത്തിയത്.

എന്നാൽ, ചകിരിനാരുകൾ പിരിഞ്ഞ് കയറാകാതെവന്നതോടെ അവർ ആ ശ്രമം ഉപേക്ഷിച്ചു. ഇവരുടെ പങ്കാളിത്തം മത്സരാർഥികളിൽ ആവേശം ഉണർത്തി.