തുറവൂർ: അന്ധകാരനഴി ചെമ്പകശ്ശേരി കാവിൽനിന്ന് കാണിക്കവഞ്ചി മോഷണം പോയി. തിങ്കളാഴ്ച രാവിലെയാണ് മോഷണവിവരം അറിയുന്നത്. ഇരുമ്പുപൈപ്പിൽ വെൽഡുചെയ്ത് സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി അതിൽനിന്ന്‌ അടർത്തിക്കൊണ്ടുപോയ നിലയിലായിരുന്നു.

പത്മാക്ഷിക്കവല-അന്ധകാരനഴി റോഡരികിലാണ് കാവ്‌ സ്ഥിതിചെയ്യുന്നത്. ഓരോമാസവും ശരാശരി 7,500നും 8,000നുമിടയിൽ കാണിക്കയുണ്ടാകാറുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പട്ടണക്കാട് പോലീസെത്തി പരിശോധന നടത്തി.

ക്ഷേത്രങ്ങളിൽ വർധിച്ചുവരുന്ന മോഷണത്തിൽ ജനങ്ങൾക്ക് ആശങ്കയുണ്ട്. ഒരാഴ്ചമുൻപ്‌ വളമംഗലം ഭാഗത്തെ മൂന്ന്‌ ക്ഷേത്രങ്ങളിൽ മോഷണം നടന്നിരുന്നു. വളമംഗലം വടക്ക് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽനിന്ന് മൂന്ന്‌ ഓട്ടുരുളികളും ശ്രീകൃഷ്ണണസ്വാമിക്ഷേത്രത്തിൽനിന്ന് മൂന്ന്‌ നിലവിളക്കുകളും വളമംഗലം പാറപ്പുഴ ശാന്തി ദുർഗാക്ഷേത്രത്തിലെ മൂന്ന്‌ നിലവിളക്കുകളുമാണ് മോഷണംപോയത്. കുത്തിയതോട് സ്റ്റേഷൻ പരിധിയിലാണ് ഈ മൂന്ന്‌ ക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്നത്.