ആലപ്പുഴ: ഒരുമേശയും ഒരുകുടയും. മേശയിൽ ആറ് കുപ്പികൾ..നെല്ലിക്ക, മാങ്ങ, അമ്പഴങ്ങ, പൈനാപ്പിൾ... ഉപ്പിലിട്ട വിഭവങ്ങളാണ് കുപ്പികൾക്കുള്ളിൽ. കുപ്പികളിലെ ഈ വിഭവങ്ങളിലാണ് മുബാഷിന്റെ ജീവിതം.
ആലപ്പുഴ കടപ്പുറത്ത് മുബാഷ് എന്ന് 38-കാരൻ ഈ കുപ്പികളുമായി ജീവിതം തുടങ്ങിയിട്ട് നാളേറെയായി. അംഗപരിമിതനാണ്. പുറമേ ശ്വാസതടസ്സവും. ഉറങ്ങണമെങ്കിൽ മുബാഷിന് ഉപകരണ സഹായം വേണം. ഇപ്പോൾ കാര്യങ്ങളാകെ തകിടം മറിയുകയാണ്.
മുബാഷിനെ കുടിയൊഴിപ്പിക്കുകയാണ്. ഒരുദിവസം പോർട്ട് അധികൃതർ വന്ന് കട ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടു. പോയില്ലെങ്കിൽ പോലീസിനെക്കൊണ്ട് ഒഴിപ്പിക്കുമെന്ന മുന്നറിയിപ്പും.
ഇനി എന്ത് ചെയ്യുമെന്നറിയാതെ കടലിലേക്ക് കണ്ണുംനട്ട് നിൽക്കുകയാണ് ഈ ചെറുപ്പക്കാരൻ. ഭാര്യയും മൂന്നുമക്കളുമുണ്ട്. രണ്ടുപെണ്ണും ഒരാണും. അതിൽ രണ്ടുമക്കളും അംഗപരിമിതർ. വാടകവീട്ടിലാണ് താമസം. വാടക നൽകണം. ജീവിതച്ചെലവ് നടന്നുപോകണം. ആരുടെയും മുന്നിൽ യാചിക്കാതെ കാര്യങ്ങൾ നടന്നുപോകുന്നത് ഈ കടകൊണ്ടാണ്.
കടപ്പുറത്തിരുന്ന് മുഹാബ് അധികൃതരോട് യാചിക്കുയാണ്. ‘എങ്ങിനെയെങ്കിലും ജീവിച്ചുപൊക്കോട്ടേ സാറുമ്മാരേ’എന്ന്.
എന്തുചെയ്യണമെന്ന് മുബാഷിനറിയില്ല. പോലീസ് വരുമെന്ന ഭയപ്പാടിൽ കഴിയുകയാണ് മുബാഷും കുടുംബവും. ലൈസൻസ് ഇല്ലാത്തവർക്ക് കച്ചവടം നടത്താൻ സാധിക്കില്ലെന്നും അവരോട് ഒഴിഞ്ഞുപോകാൻ പറഞ്ഞിട്ടുണ്ടെന്നുമാണ് പോർട്ട് അധികൃതരുടെ വിശദീകരണം.