ആലപ്പുഴ: മാവേലിമന്നനെ വരവേൽക്കാനായി ഓണപ്പൂക്കളമൊരുക്കാൻ വിവിധതരം പൂക്കളുമായി പൂവിപണി ഉഷാറായിത്തുടങ്ങി. ഇടയ്ക്കിടെ പെയ്യുന്ന മഴ വില്ലനാകുന്നുണ്ടങ്കിലും പൂക്കൾ വാങ്ങാൻ ആളുകൾ വന്നുതുടങ്ങിയിട്ടുണ്ട്. പകൽ വലിയതിരക്കായിട്ടില്ലെങ്കിലും വൈകുന്നേരങ്ങളിൽ ഒട്ടെറെയാളുകൾ എത്തുന്നു.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി സ്കൂൾ, കോളേജ്, സർക്കാർ ഓഫീസുകൾ, മറ്റ്‌ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഓണാഘോഷവും പൂക്കള മത്സരവുമെല്ലാം നടക്കുന്നുണ്ട്. ഈ ദിവസങ്ങളിൽ തുടങ്ങി ഓണംവരെ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് പൂക്കടക്കാർ.

നഗരത്തിൽ മുല്ലയ്ക്കൽ ഭാഗത്തെ പൂക്കടകളിൽ തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിൽനിന്ന് പൂക്കൾ എത്തിച്ചുതുടങ്ങി. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിലയിൽ കാര്യമായ വ്യത്യാസം വന്നിട്ടില്ലെന്ന് കച്ചവടക്കാർ പറയുന്നു. വാടാമുല്ല-200, ജമന്തി-400, ബന്ദി-120, റോസ്-300, അരളി വെള്ള, ചുവപ്പ്-400, പിങ്ക്-300 എന്നിങ്ങനെയാണ് കിലോയ്ക്ക് വില.