ആലപ്പുഴ: വോട്ടെണ്ണിത്തുടങ്ങിയപ്പോൾ കേരളത്തിലെ മുഴുവൻ യു.ഡി.എഫ്. സ്ഥാനാർഥികളും മുന്നേറുന്ന കാഴ്ച. അവർക്കൊക്കെ പിന്നിലായിരുന്നു അപ്പോൾ കൊടിക്കുന്നിൽ സുരേഷ്.

പക്ഷേ, എല്ലാം കൂളായി ടി.വി.യിൽ കണ്ടുകൊണ്ടിരുന്നു. ഓരോ അരമണിക്കൂർ കഴിയുമ്പോഴും ലീഡുനില പയ്യപ്പയ്യെ ഉയർന്നു. ഒടുവിൽ മാവേലിക്കരയിൽ റെക്കോഡ് ഭൂരിപക്ഷത്തോടെ ഹാട്രിക് വിജയം. ഒപ്പം, ഏഴാം തവണ ലോക്‌സഭയിലേക്ക്.

ആലപ്പുഴ ഡി.സി.സി. ഓഫീസിൽ ടി.വി. കണ്ടുകൊണ്ടിരിക്കുമ്പോൾ ആലപ്പുഴയിൽ ഷാനിമോൾ ഏറെ പിന്നിലായിരുന്നു. അവസാന റൗണ്ടാകുന്നതോടെ ഷാനിമോളും ജയിച്ചുകയറുമെന്ന് പറഞ്ഞ് കൊടിക്കുന്നിൽ പ്രവർത്തകർക്ക് പ്രതീക്ഷയേകി.

മാവേലിക്കരയിൽ യു.ഡി.എഫിന്റെ ഭൂരിപക്ഷം 30,000 കടന്നതോടെ പ്രവർത്തകർ കൊടിക്കുന്നിലുമായി ആഹ്ലാദപ്രകടവും നടത്തി. നേതാക്കളായ എം.മുരളി, പി.സി. വിഷ്ണുനാഥ്, എ.എ.ഷുക്കൂർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. പിന്നെ വോട്ടെണ്ണൽ കേന്ദ്രമായ തിരുവമ്പാടി സ്കൂളിലേക്ക് പോയി.

1989-ലാണ് കൊടിക്കുന്നിൽ സുരേഷ് ആദ്യം എം.പി.യാകുന്നത്. അടൂർ ലോക്‌സഭാ മണ്ഡലത്തിൽനിന്ന് 1991, 1996, 1999 വർഷങ്ങളിൽ ജയിച്ചുകയറി. 2009-ൽ സംവരണമണ്ഡലമായ മാവേലിക്കരയിൽ മത്സരിക്കാനിറിങ്ങി. 48,048 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. 2014-ൽ ഭൂരിപക്ഷം 32,737 ആയി കുറഞ്ഞു. എന്നാൽ, മൂന്നാമങ്കത്തിൽ കേരളമാകെ അലയടിച്ച യു.ഡി.എഫ്. തരംഗത്തിൽ കൊടിക്കുന്നിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ചുകയറി.

ശബരിമല വിഷയം തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചു- കൊടിക്കുന്നിൽ

ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ ഇടത് സർക്കാർ സ്വീകരിച്ച നിലപാട് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചെന്ന് മാവേലിക്കരയിൽനിന്ന് വിജയിച്ച യു.ഡി.എഫ്. സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണ വിരുദ്ധവികാരത്തിനൊപ്പം എൻ.എസ്.എസിന്റെ പിന്തുണയും തന്റെ വിജയം ഉറപ്പാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. വൻ ഭൂരിപക്ഷത്തിൽ ജയിച്ച ഇടങ്ങളിലെല്ലാം നല്ല ഭൂരിപക്ഷം നേടാൻ തനിക്ക് കഴിഞ്ഞെന്നും കൊടിക്കുന്നിൽ പറഞ്ഞു.

വർഗീയ ധ്രുവീകരണം തോൽവിക്ക് കാരണം- ചിറ്റയം ഗോപകുമാർ

ചില മതനേതാക്കളുടെയും ബി.ജെ.പി. നേതാക്കളുടെയും അവിശുദ്ധ കൂട്ടുകെട്ട് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചിട്ടുണ്ടെന്ന് എൽ.ഡി.എഫ്. സ്ഥാനാർഥി ചിറ്റയം ഗോപകുമാർ പറഞ്ഞു. വർഗീയ ധ്രുവീകരണമുണ്ടായി. ഈ പ്രവണത നാടിനെ വല്ലാത്ത ഒരവസ്ഥയിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights; Kodikunnil Suresh, 2019 Loksabha Election