ആലപ്പുഴ: ത്രില്ലർ സിനിമകളുടെ രംഗങ്ങൾക്ക് സമാനമായിരുന്നു സി.പി.എം.ജില്ലാ കമ്മിറ്റി ഓഫീസിലെ ഓരോ നിമിഷങ്ങളും. തികച്ചും ഉദ്വേഗജനകം. ടി.വി.യിൽനിന്ന്‌ കണ്ണെടുക്കാതെ ശ്വാസമടക്കിപ്പിടിച്ചിരുന്ന പ്രവർത്തകർ. ഒപ്പം ഇരട്ടി ആശങ്കയോടെ സ്ഥാനാർഥി എം.എം.ആരീഫും.

മന്ത്രി ജി.സുധാകരൻ, യു.പ്രതിഭാ എം.എൽ.എ, ആർ.നാസർ, സി.ബി.ചന്ദ്രബാബു തുടങ്ങിയ പ്രമുഖനേതാക്കളും ‍ഡി.സി.യിലുണ്ടായിരുന്നു. രാവിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ സന്ദർശനം നടത്തി ഡി.സി. ഓഫീസിലേക്ക് ആരിഫ് എത്തി.

വോട്ടെണ്ണെൽ ആദ്യഘട്ടം തന്നെ ആരിഫിനും ക്യാമ്പിനും ടെൻഷനടിപ്പിക്കുന്നതായിരുന്നു. ആദ്യഘട്ടത്തിൽ ചെറിയ വോട്ടിന്റെ വ്യത്യാസത്തിൽ ഷാനിമോൾ ഉസ്മാൻ ലീഡ് ചെയ്തു. അകത്തെ മുറിയിൽ ഇരുപ്പുറപ്പിച്ച് മന്ത്രി സുധാകരനും ആരിഫും.

ഇടയ്ക്ക് ആരീഫ് ചെറിയ വോട്ടിന് മുന്നിൽ വന്നെങ്കിലും വീണ്ടും പുറകിലായി. മറ്റ് മണ്ഡ‍ലങ്ങളെ അപേക്ഷിച്ച് വളരെ സാവധാനത്തിലായിരുന്നു ജില്ലയിലെ വോട്ടെണ്ണൽ പുരോഗമിച്ചത്.

വോട്ടണ്ണൽ നടക്കുമ്പോൾ അണികളിൽ ആവേശവും നിരാശയും മാറിമാറി തെളിഞ്ഞു. മറ്റു മണ്ഡലങ്ങളിൽ ബഹുദൂരം പിന്നിലായതിന്റെ നിരാശയും ഓരോരുത്തരുടെ മുഖത്തും വ്യക്തമായിരുന്നു. ഇടയ്ക്ക് ഓഫീസ് റൂമിൽനിന്ന്‌ പുറത്തിറങ്ങി അണികൾക്കും മറ്റ് നേതാക്കൾക്കുമൊപ്പം ഇരുന്ന് ടി.വി.ചാനലുകളിലെ കൗണ്ടിങ്‌ നില പരിശോധനയിൽ മുഴുകി നേതാവ്‌. ഇരിപ്പുറയ്ക്കാതെ വീണ്ടും അകത്തെ മുറിയിലേക്ക്.

മൂവായിരത്തിന് മുകളിൽ ലീഡ് ഉയർന്നപ്പോൾ ക്യാമ്പിൽ ചെറിയ ആശ്വാസമായി. ഉച്ചയോടെ ലീഡ് നില ഉയർന്നുവന്നു. ഓരോ മണ്ഡലങ്ങളിലെയും വോട്ടുനില മന്ത്രി ജി.സുധാകരൻ വിലയിരുത്തി. വോട്ടുനില ഉയർന്നുവന്ന സാഹചര്യത്തിൽ ആശംസകൾ നേർന്ന് പ്രതിഭ ആരിഫിന് ഹസ്തദാനം നൽകി മടങ്ങി.

പ്രവർത്തകർ മധുരപലഹാരങ്ങൾ എത്തിച്ചെങ്കിലും സമയമായിട്ടില്ലെന്ന നിലപാടിലായിരുന്നു ആരിഫ്. വോട്ടിന്റെ ഗ്രാഫ് ഉയർന്നുതന്നെ നിൽക്കുന്നതിനാൽ വിജയം ഉറപ്പാക്കി മന്ത്രി ജി.സുധാകരനും മടങ്ങി. ഉച്ചയ്ക്ക് മൂന്നോടെ പതിനായിരത്തിലേക്ക് ലീഡ് ഉയർന്നതോടെ വിജയാഹ്ലാദത്തിലായി ഡി.സി. ഓഫീസ്. സന്തോഷം ആരിഫിന്റെ മുഖത്തും അലയടിച്ചു.

‘യു.ഡി.എഫിന്റെ വലിയ തരംഗത്തിനിടയിലും ആലപ്പുഴ തിരിച്ചുപിടിച്ചതിൽ അഭിമാനമുണ്ട്. വ്യക്തിപരമായ ബന്ധങ്ങളും സൗഹൃദങ്ങളും സഹായിച്ചിട്ടുണ്ട്. വികസനം ആഗ്രഹിക്കുന്നവരുടെ വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിശ്വസം.’ - ആരിഫ് പ്രതികരിച്ചു. പടക്കം പൊട്ടിച്ച് അണികൾ ആഘോഷം തുടങ്ങി.

പുഷ്പമാലയും മറ്റുമായി അണികൾ ഡി.സിയിലേക്ക് ഒഴുകിയെത്തി. മാലകളും ഷാളുകളും അണിയിച്ച് മുദ്രവാക്യം വിളികളുമായി വാഹനത്തിൽ പുറത്തേക്ക്. കൗണ്ടിങ്‌ സെന്റുകളിലേക്കായിരുന്നു പിന്നീടുള്ള യാത്ര. ഓരോ കേന്ദ്രങ്ങളിലും പടക്കം പൊട്ടിച്ചും മാലകൾ അണിയിച്ചും പ്രവർത്തകർ ആരിഫിനെ ആനയിച്ചു.

Content Highlights; AM Ariff, Alappuzha Loksabha Constituency