ആലപ്പുഴ: സ്‌കൂൾ കലോത്സവ മാന്വൽ കഴിഞ്ഞ വർഷം പരിഷ്‌കരിച്ചിരുന്നു. ഇതിലെ ചില അപാകങ്ങളെപ്പറ്റി വലിയ പരാതികളാണ് ഉയർന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി നടത്തിയിരുന്ന ചില മത്സരങ്ങൾ ഒന്നിച്ചാക്കിയതിനാണ് വിദ്യാഭ്യാസവകുപ്പ് ഏറെ പഴികേട്ടത്.

കലോത്സവങ്ങൾ തുടങ്ങുന്നതിന് മുൻപ് ഇത്തവണ മാന്വലിൽ ഭേദഗതി വരുത്തി. സ്‌കൂൾ- ഉപജില്ലാ- റവന്യു ജില്ലാ കലോത്സവങ്ങൾ ഇതനുസരിച്ചാണ് നടന്നത്. ചില ഇനങ്ങളിൽ നേരത്തെയുണ്ടായിരുന്ന രീതി തുടരാൻ അനുവദിച്ചിട്ടുണ്ട്. നൃത്ത ഇനങ്ങളുമായി ബന്ധപ്പെട്ടാണ് പരിഷ്‌കാരങ്ങൾ ഏറെയും.

ആലപ്പുഴയിലെ സംസ്ഥാന കലോത്സവങ്ങളിൽ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളിൽ ചിലത്

  • കഥകളി സിംഗിൾ, തുള്ളൽ, നാടോടി നൃത്തം, മിമിക്രി എന്നിവയിൽ ആൺ- പെൺ വിഭാഗങ്ങളിൽ മത്സരങ്ങൾ.
  • കഥകളി സംഗീതത്തിന് ചേങ്ങല, ശ്രുതിപ്പെട്ടി ഇവ ഉപയോഗിക്കാം
  • ഭരതനാട്യത്തിന് വയലിൻ/ വീണ, മൃദംഗം, നാട്വങ്കം, ഓടക്കുഴൽ എന്നീ വാദ്യങ്ങൾ ഉപയോഗിക്കണം. എന്നാൽ, സ്‌പെഷ്യൽ ഇഫ്ക്ട്‌സ്‌ പാടില്ല.
  • മോഹിനിയാട്ടത്തിന് വയലിൻ, വീണ, മൃദംഗം, ഇടയ്ക്ക എന്നീ ഉപകരണങ്ങളാണ് വേണ്ടത്.
  • കുച്ചിപ്പുഡിയിൽ വാചികാഭിനയത്തോടൊപ്പം നർത്തകിക്ക് സംഭാഷണം അനുവദനീയമല്ല. ചുണ്ട് അനക്കുന്നതായി ഭാവിച്ച് അഭിനയിച്ചാൽ മതി.
  • കേരളനടനത്തിൽ ഇലത്താളം, കുഴിത്താളം, ഇടയ്ക്ക, മദ്ദളം, മൃദംഗം, ഓടക്കുഴൽ, വയലിൻ, വീണ എന്നീ വാദ്യോപകരണങ്ങൾ ഉപയോഗിക്കാം. കഥാ സന്ദർഭത്തിന് അനുസരിച്ച് മാത്രമേ ചെണ്ട പാടുള്ളു.
  • സംഘനൃത്തത്തിൽ പങ്കെടുക്കുന്ന ടീം അംഗങ്ങൾ ആദ്യാവസാനം നൃത്തത്തിൽ പങ്കാളികളായിരിക്കണം. ആഡംബരം ഒഴിവാക്കണം.

Content Highlights: youth festival 2018