ആലപ്പുഴ: ജില്ലയിലെ ഏക വനിതാ പോലീസ് സ്റ്റേഷൻ ഏതുസമയത്തും നിലംപതിക്കാവുന്ന അവസ്ഥയിൽ. ശവക്കോട്ടപ്പാലത്തിന് പടിഞ്ഞാറ്‌ പഴയ നോർത്ത് പോലീസ് സ്റ്റേഷൻ കെട്ടിടത്തിൽ 2014 നവംബർ 29-നായിരുന്നു വനിതാ പോലീസ് സ്റ്റേഷന്റെ തുടക്കം. 1989- നിർമിച്ച ഈ കെട്ടിടത്തിൽ ഫർണിച്ചറോ ബാത്ത്‌റൂം സൗകര്യമോ ഒന്നും ഇല്ലായിരുന്നു. കെട്ടിടത്തിന്റെ കാലപ്പഴക്കംമൂലം മേൽത്തട്ട് ഇടിഞ്ഞുവീഴുന്നതും പതിവായി. പോലീസുകാരുടെയും ജനങ്ങളുടെയും സുരക്ഷ മാനിച്ച് ഒരുവർഷംമുന്പ് ഇതിനുസമീപം തന്നെയുള്ള പോലീസ് ക്വാർട്ടേഴ്‌സിലെ രണ്ട് മുറികളിലേക്ക് സ്റ്റേഷന്റെ പ്രവർത്തനം മാറ്റി.

പരാതിക്കാർക്ക് കടന്നുചെല്ലാൻപോലും പറ്റാത്ത അസൗകര്യങ്ങളാണ് പഴകിയ ഈ കെട്ടിടത്തിനുമുള്ളത്. കെട്ടിടത്തിലെ സ്ഥലപരിമിതിമൂലം പരാതിക്കാരുമായി സംസാരിക്കാൻ മറ്റെവിടേക്കെങ്കിലും മാറിനിൽക്കേണ്ട സാഹചര്യമാണ്. പ്രതികളെ പാർപ്പിക്കുന്നതാകട്ടെ പോലീസ് റസ്റ്റ് റൂമിലുമാണ്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കെട്ടിടം അടിയന്തരമായി പുനർനിർമിച്ചില്ലെങ്കിൽ വനിതാ പോലീസ് സ്റ്റേഷന്റെ പ്രവർത്തനത്തെ ബാധിക്കും.

ജില്ലയിലെ ആദ്യ വനിതാ സ്റ്റേഷൻ

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് ആറ്‌ വനിതാ പോലീസ് സ്റ്റേഷനുകൾ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനസേനയിൽ വനിതകളുടെ പ്രാതിനിധ്യം പത്തുശതമാനമാക്കുക എന്നതായിരുന്നു ലക്ഷ്യം. ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിലായിരുന്നു സ്റ്റേഷനുകൾ അനുവദിച്ചത്. ഇപ്രകാരമുള്ള ആദ്യ സ്റ്റേഷനാണ് ആലപ്പുഴയിൽ സ്ഥാപിച്ചത്.

സ്ത്രീകളുടെയും കുട്ടികളുടെയും പരാതികളും അവർക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളും അന്വേഷിച്ച് സത്വരനടപടിയുണ്ടാക്കുക എന്നതായിരുന്നു വനിതാ പോലീസ്‍ സ്റ്റേഷന്റെ ലക്ഷ്യം. അസൗകര്യങ്ങൾക്ക്‌ നടുവിലും മികച്ച പ്രവർത്തമാണ് വനിതാ പോലീസ്‍ സ്റ്റേഷൻ നടത്തുന്നത്.

കെട്ടിടത്തിനുള്ള നിർദേശം നൽകിയിട്ടുണ്ട്

പുതിയ വനിതാ സ്റ്റേഷൻ കെട്ടിടത്തിനുള്ള നിർദേശം നൽകിയിട്ടുണ്ട്. പ്രളയത്തിൽ പുളിങ്കുന്ന്, രാമങ്കരി സ്റ്റേഷനുകൾ പൂർണമായും തകർന്നിരുന്നു. ഇവയ്ക്കൊപ്പം വനിതാ സ്റ്റേഷനും പുതിയ കെട്ടിടം നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്.- പി.വി.ബേബി, ഡിവൈ.എസ്.പി., ആലപ്പുഴ.