ആലപ്പുഴ: പ്രളയം വള്ളംകളിപ്രേമികളുടെ കരൾ പിളർത്തി. സർവസന്നാഹങ്ങളും ഒരുക്കങ്ങളും പൂർത്തിയായ സമയത്താണ് നിനച്ചിരിക്കാതെ ജലോത്സവത്തെ തച്ചുടച്ച് പ്രളയമെത്തിയത്. നീണ്ട മൂന്നുമാസത്തെ ഇടവേള കഴിഞ്ഞു. ഇനി കണ്ണുകളെല്ലാം നവംബർ പത്തിലേക്ക്.

ഇനി നെഹ്രുട്രോഫി വള്ളംകളി അതിജീവനത്തിന്റെ കൂടിയാണ്. കുട്ടനാട്ടുകാർക്കും വള്ളംകളിക്കാർക്കും ക്ലബ്ബുകാർക്കും ഈ അതിജീവന പോരാട്ടത്തിൽ ജയിച്ചുകയറിയേ മതിയാകൂ.

ലക്ഷക്കണക്കിന് രൂപ മുടക്കിയാണ് നെഹ്രുട്രോഫി വള്ളകളിക്കായി ഒാരോ ക്ലബ്ബും ഒരുങ്ങിയത്. പലരും കടംവാങ്ങിയും മറ്റുമാണ് വള്ളംകളിക്കായി ഒരുങ്ങിയത്. വള്ളംകളി താത്കാലികമായി ഉപേക്ഷിച്ചപ്പോൾ തകർന്നുപോയത് വള്ളംകളി ക്ലബ്ബുകാരും തുഴച്ചിൽക്കാരുമാണ്. വള്ളംകളി ലീഗിൽ പ്രതീക്ഷയർപ്പിച്ച് തുഴയെറിയുകയായിരുന്നു ക്ലബ്ബുകാർ.

എന്നാൽ, ഇത്തവണ ലീഗ് മത്സരങ്ങൾ ഇല്ല. എന്നാലും നെഹ്രുട്രോഫി നടക്കുന്നതുതന്നെ ആവേശത്തോടെയാണ് ക്ലബ്ബുകാർ കാണുന്നത്.

ഇനി ഒന്നിൽനിന്ന് തുടങ്ങാം. വീണ്ടും പരിശീലനം ആരംഭിക്കണം. നേരത്തെ ഒരുങ്ങിയതുപോലെ നീണ്ട പരിശീലനങ്ങൾ നടത്താനുള്ള സാമ്പത്തികശേഷി ക്ലബ്ബുകൾക്കില്ല. കുറഞ്ഞ ദിവസങ്ങൾ മാത്രമേ പരിശീലനം നടത്താൻ സാധിക്കുകയുള്ളൂ. എന്നാൽ, കുറഞ്ഞ സമയത്തിനുള്ളിൽ പരമാവധി കരുത്ത് നേടുകയെന്നതാണ് ക്ലബ്ബുകൾ ലക്ഷ്യമിടുന്നത്.

പരമാവധി ചെലവ് കുറച്ചും ആർഭാടരഹിതവുമായിട്ടായിരിക്കും വള്ളംകളി സംഘടിപ്പിക്കുക. നേരത്തേ രജിസ്ട്രേഷൻ നടത്തിയ എല്ലാ വള്ളങ്ങളും മത്സരത്തിൽ പങ്കെടുക്കും. മത്സരക്രമങ്ങൾക്കോ ട്രാക്ക് ആൻഡ് ഹീറ്റ്സിനോ മാറ്റമുണ്ടാവുകയില്ല. മത്സരത്തിന് മുന്നോടിയായി ക്യാപ്റ്റൻമാരുടെ യോഗം വിളിക്കാനും തീരുമാനമായിട്ടുണ്ട്.

പ്രളയത്തിൽ സർവവും നഷ്ടപ്പെട്ട കുട്ടനാടൻ ജനതയുടെ മാനസികമായ ഉയിർത്തെഴുന്നേൽപ്പുകൂടി ജലപൂരത്തിന്റെ ആരവങ്ങളിലൂടെ സാധിക്കും.