അരൂർ: തീരപ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നു. ഓരുമേഖലകളിൽ ജീവിക്കാൻ പ്രയാസമാണെങ്കിലും അതിന് വിരുദ്ധമായാണ് കൈതപ്പുഴക്കായലോരത്ത് പരക്കെ ഒച്ചുകൾ കാണപ്പെടുന്നത്.

വാഴ, പപ്പായ, പച്ചക്കറികൾ എന്നിവയ്ക്ക് വലിയ നാശനഷ്ടങ്ങളാണ് ഒച്ചുകൾ വരുത്തുന്നത്. വീടുകളുടെ അടുക്കളകളിൽവരെ ഇവകയറിപ്പറ്റുന്നതായി തീരദേശവാസികൾ പറയുന്നു. തീരദേശ റെയിൽപ്പാതയുടെ ഇരുവശങ്ങളിലുമാണ് ഒച്ചുകൾ ക്രമാതീതമായി പെരുകുന്നത്.

ഉപ്പും പുകയിലമിശ്രിതവും തളിച്ചാണ് ഒച്ചുകളെ നശിപ്പിക്കുന്നത്. ആരോഗ്യകേന്ദ്രം പ്രവർത്തകർ നേരത്തെ സൗജന്യമായി ഉപ്പ് വിതരണം ചെയ്തിരുന്നു. നിലവിൽ ഒച്ചുകൾ വ്യാപിക്കുന്നത് തടയാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

ഒച്ചുകൾ ഒരേസമയം നൂറ്കണക്കിന് മുട്ടകളിടും. അതിനാൽ അതിവേഗമാണ് ഇവയുടെ എണ്ണം വർധിക്കുന്നത്. മലിനസാഹചര്യങ്ങളിലും മാലിന്യങ്ങളിലും ഇവ കൂടുതലായി കാണപ്പെടുന്നതിനാൽ മാലിന്യനിർമാർജന സംവിധാനമൊരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.