മങ്കൊമ്പ് : നവീകരണത്തിന്റെഭാഗമായി ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ ദീർഘദൂര വാഹനങ്ങൾക്കും വലിയവാഹനങ്ങൾക്കും വ്യാഴാഴ്ചമുതൽ പ്രവേശനമില്ല. കളർകോടുമുതൽ ചങ്ങനാശ്ശേരി പെരുന്നവരെയുള്ള 24.16 കിലോമീറ്ററിൽ ചരക്കുവാഹനങ്ങളുടെയും ദീർഘദൂര വാഹനങ്ങളുടെയും ഗതാഗതം പൂർണമായി നിരോധിച്ചതായി ജില്ലാ പോലീസ് മേധാവി ജി. ജയദേവ് അറിയിച്ചു. എ.സി. റോഡ് ഉപയോഗിക്കുന്ന തദ്ദേശവാസികൾക്ക് അവരുടെ കാർ, ബൈക്ക് പോലെയുള്ള വാഹനങ്ങളിൽ യാത്രചെയ്യാം. നിയന്ത്രണവിധേയമായി കെ.എസ്.ആർ.ടി.സി. സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

എ.സി. റോഡിൽ പ്രവേശിക്കാതെ പോകാൻ അമ്പലപ്പുഴ-തിരുവല്ല റോഡ് ഉപയോഗിക്കാം.

ആംബുലൻസിന് താത്കാലികസംവിധാനം

ആബുലൻസുകൾക്ക് കടന്നുപോകാൻ പാലം പൊളിക്കുന്നിടത്തു താത്കാലികസംവിധാനം ഒരുക്കും. നിലവിൽ ചെറുപാലങ്ങൾക്കുള്ള പൈലിങ് ജോലികൾ എ.സി. റോഡിൽ പുരോഗമിക്കുന്നുണ്ട്. നാലിടത്താണ്‌ പൈലിങ് നടക്കുന്നത്. ഒരെണ്ണം പൂർത്തിയായി. ഇതിലൂടെ തദ്ദേശവാസികളുടെ ചെറിയവാഹനങ്ങളും കടന്നുപോകാൻ അനുമതി നൽകും. ജങ്കാർ ഉപയോഗിച്ച് എ.സി. റോഡിലേക്കുംമറ്റും പ്രവേശിക്കുന്ന യാത്രികർ മറ്റു റോഡുകൾ ഉപയോഗിക്കണം.

അനധികൃത പാർക്കിങ് പറ്റില്ല

അമ്പലപ്പുഴ, തകഴി, എടത്വാ തുടങ്ങിയ കവലകളിൽ ഗതാഗത തടസ്സമുണ്ടാകാൻ സാധ്യതയുള്ളതിനാൽ പകൽ പോലീസും മോട്ടോർവാഹനവകുപ്പും ചേർന്ന് നിരീക്ഷണം നടത്തും. തിരക്കേറിയ കവലകളിൽ അലക്ഷ്യമായി വാഹനങ്ങൾ നിർത്തിയിടുന്നവർക്കെതിരേ കർശനനടപടികൾ സ്വീകരിക്കാനാണു തീരുമാനം.

ഈ വഴികൾ ഓർക്കുക

പെരുന്ന- മുത്തൂർ ജങ്‌ഷൻ - പൊടിയാടി -ചക്കുളത്തുകാവ് -മുട്ടാർ- കിടങ്ങറ

പെരുന്ന- ചങ്ങനാശ്ശേരി ജങ്‌ഷൻ -കുമരംകരി കിടങ്ങറ റോഡ്

കിടങ്ങറ- മുട്ടാർ -ചക്കുളത്തുകാവ്- തലവടി- മിത്രക്കരി- മാമ്പുഴക്കരി

മാമ്പുഴക്കരി -മിത്രക്കരി- ചങ്ങങ്കരി-തായങ്കരി -വേഴപ്ര

വേഴപ്ര- തായങ്കരി- ചമ്പക്കുളം -മങ്കൊമ്പ്

കിടങ്ങറ -വെളിയനാട് -പുളിങ്കുന്ന് -മങ്കൊമ്പ് -ബ്ലോക്ക് ജങ്‌ഷൻ

മങ്കൊമ്പ് -ചമ്പക്കുളം -പൂപ്പള്ളി

പൂപ്പള്ളി - ചമ്പക്കുളം- വൈശ്യംഭാഗം- എസ്.എൻ. കവല -കളർകോട്