floodകാവാലം : നീലംപേരൂർ കൃഷിഭവൻ പരിധിയിലെ കിഴക്കേ ചേന്നങ്കരി കോഴിച്ചാൽ പാടശേഖരത്തിന്റെ പുറംബണ്ടിനുള്ളിൽ താമസിക്കുന്ന കുടുംബങ്ങൾ പ്രളയഭീതിയിൽ.

200 ഏക്കറുള്ള പാടശേഖരത്തിന്റെ ഉള്ളിലും പുറംബണ്ടിലുമായി 300 കുടുംബങ്ങളാണ് താമസിക്കുന്നത്. താഴ്ന്നപ്രദേശമായതിനാൽ വർഷത്തിൽ ഏറിയ പങ്കും വെള്ളക്കെട്ടാണ്. ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ നല്ലൊരു നടവഴിപോലുമില്ല. വള്ളത്തിലോ ചങ്ങാടത്തിലോ യാത്രചെയ്യണം. അല്ലെങ്കിൽ മുങ്ങിക്കിടക്കുന്ന പുറം ബണ്ടിലൂടെ തപ്പിത്തടഞ്ഞ് നടക്കണം.

ഈ ദുരവസ്ഥയിൽ അകപ്പെട്ട് രണ്ട് ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. ഈ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി മാതൃഭൂമി ഒരുവർഷം മുമ്പ് വാർത്ത നൽകിയിരുന്നു. ഇപ്പോൾ നേരിയതോതിൽ ജലനിരപ്പുയർന്നപ്പോൾ പോലും പ്രദേശം വെള്ളക്കെട്ടിലാണ്.

കൃഷ്ണപുരത്തുനിന്ന് കോഴിച്ചാൽ പാടശേഖരത്തിലൂടെ ആരംഭിച്ച ട്രാക്ടർ റോഡ് നിർമാണം പാതിവഴിയിൽ നിർത്തിയിട്ട് വർഷങ്ങളായി. ഏറെ പ്രതീക്ഷയോടെ ആരംഭിച്ച റോഡിന്റെ നിർമാണം പൂർത്തിയായിരുന്നെങ്കിൽ ദുരിതത്തിന് അൽപ്പം പരിഹാരമാകുമായിരുന്നു.

ബണ്ടിലെ കൽക്കെട്ട് കെ.എൽ.ഡി.സി. നവീകരിച്ചു സുരക്ഷിതനടപ്പാതയൊരുക്കുമെന്നു വാഗ്‌ദാനമുണ്ടായെങ്കിലും നടപടിയില്ല. പമ്പിങ് നടത്തണം

ഇപ്പോൾ രണ്ടാംകൃഷി ഒഴിവാക്കി പാടശേഖരത്ത് മത്സ്യക്കൃഷി ആരംഭിച്ചിരിക്കുകയാണ്. ഇതിനോടൊപ്പം നിയന്ത്രിത പമ്പിങ്‌ നടത്തി പാടശേഖരത്തെ ജലനിരപ്പ് ക്രമീകരിച്ചാൽ ഇനിയുള്ള കാലവർഷ വേളയിലെങ്കിലും ഉണ്ടാകാവുന്ന വലിയദുരിതത്തിൽനിന്ന് ജനങ്ങളെ രക്ഷിക്കാനാകും.

ചാക്കോച്ചൻ വാരിക്കാട്

പ്രദേശവാസി