ഹരിപ്പാട് : ബ്യൂട്ടിപാർലറിൽ കടന്നുകയറി ഉടമയായ യുവതിയെ ആക്രമിച്ച ആളിന്റെ സി.സി.ടി.വി. ചിത്രം സഹിതം പരാതി നൽകിയിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നു പരാതി. ഗവ. ആശുപത്രിക്കുവടക്ക് ടൗൺ മുസ്‌ലിം പള്ളി റോഡിലെ ബ്യൂട്ടിപാർലറിൽ കഴിഞ്ഞ ഓഗസ്റ്റ് 20-നാണ് സംഭവം. ഒൻപതുമാസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെ വീണ്ടും ആക്രമണമുണ്ടാകുമോയെന്ന ഭയം നിമിത്തം യുവതി സ്ഥാപനം അടച്ചു. അക്രമിയെ പിടികൂടാത്തതിനൊപ്പം തന്റെ ജീവിതംമാർഗംകൂടി ഇല്ലാതായതിന്റെ സങ്കടം യുവതി കഴിഞ്ഞദിവസം ഫെയ്സ്ബുക്കിൽ പങ്കുവച്ചു. ഇതോടെയാണ് നഗരമധ്യത്തിൽ പട്ടാപ്പകൽ നടന്ന അക്രമം പുറത്തറിയുന്നത്.

റെയിൽവേസ്റ്റേഷനിൽനിന്നു നഗരമധ്യത്തിലെ എഴിക്കകത്ത് റോഡിലെത്തുന്ന വഴിയിലാണ് ഈ ബ്യട്ടി പാർലർ. തിരക്കൊഴിഞ്ഞ റോഡാണ്. ഉച്ചയോടെയാണ്‌ അക്രമി ഇവിടെയെത്തിയതെന്നു ബ്യൂട്ടിപാർലർ ഉടമ പറയുന്നു. സമീപത്തെ മുറി വാടകയ്ക്കെടുക്കാനാണെന്നു പറഞ്ഞ് ഇവിടെ ഏറെസമയം നിന്ന ഇയാൾ പെട്ടെന്നു പാർലറിനുള്ളിലേക്കു കടന്നുകയറുകയായിരുന്നു. വായ് പൊത്തിപ്പിടിച്ചശേഷം കഴുത്തിൽ അമർത്തിപ്പിടിച്ചെങ്കിലും രക്ഷപ്പെട്ട് പുറത്തേക്കു ഓടുകയായിരുന്നെന്നാണു ഇവർ പോലീസിൽ അറിയിച്ചത്. സംഭവത്തിനുശേഷം സ്ഥലംവിട്ട ആളിനെ സമീപവാസികൾ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല.

പോലീസിൽ പരാതി നൽകിയപ്പോൾ ആളിന്റെ ചിത്രം ഉൾപ്പെടെയുള്ള വിവരങ്ങൾ ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണു പ്രതി നടന്നുവരുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ച് പോലീസിനു കൈമാറിയത്. വനിതാ പോലീസ് ഉദ്യോഗസ്ഥ പരാതിക്കാരിയിൽനിന്നു മൊഴിയെടുത്തിരുന്നു. പ്രതിയുടെ ചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്താക്കുന്നതു അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നത്രെ പോലീസിന്റെ ഉപദേശം. ഇതിനാലാണ് ഇതുവരെയും വിവരം പുറത്തുപറയാതിരുന്നതെന്നാണ് യുവതി പറയുന്നത്.

അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ലെന്നു പോലീസ്

: ബ്യൂട്ടിപാർലർ ഉടമയുടെ പരാതി ലഭിച്ചിരുന്നതായി ഹരിപ്പാട് പോലീസ് സ്ഥിരീകരിച്ചു. സി.സി.ടി.വി. ചിത്രവുമായി അന്വേഷണവും നടത്തി. ഹരിപ്പാട്ടും സമീപപ്രദേശങ്ങളിലും സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരുടെ ചിത്രവുമായി ഒത്തുനോക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഈ കേസിലെ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.