ചാരുംമൂട്: താമരക്കുളം ചത്തിയറയിൽ പേവിഷബാധയുടെ ലക്ഷണങ്ങളുമായി പരിഭ്രാന്തി പരത്തിയ പശു ചത്തു. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് പിടിച്ചുകെട്ടി ഒരു മണിക്കൂറിനുശേഷമായിരുന്നു ഇത്.

ചത്തിയറ പുന്നക്കുറ്റി രവിസദനത്തിൽ രവീന്ദ്രൻ പിള്ളയുടെ പശുവാണ് ചത്തത്. വ്യാഴാഴ്ച പുലർച്ചെ കറവകഴിഞ്ഞ് തീറ്റയും വെള്ളവും കുടിച്ചശേഷമാണ് പശു പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയത്. തൊഴുത്തിൽ ഒപ്പമുള്ള പശുവിനെ ആക്രമിക്കാനൊരുങ്ങിയതോടെ വീട്ടുമുറ്റത്തേക്ക് അഴിച്ചുകെട്ടിയ പശു കയർപൊട്ടിച്ച് പ്രദേശത്ത് ഓടിനടക്കുകയും ആൾക്കാരെയടക്കം ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.

ഇതുവഴിപോയ കാറിന്‌ കേടുവരുത്തിയ പശു ജങ്ഷനിലുണ്ടായിരുന്ന കൊടിമരവും കുത്തിമറിച്ചു. ഇതിനിടെ പശുവിന്റെ ഒരു കൊെമ്പടിഞ്ഞ് രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു.

വിവരമറിഞ്ഞ് നാട്ടുകാർ ഇവിടേക്ക് ഓടിക്കൂടി. വീട്ടുകാർക്കുപോലും പശുവിന്റെയടുത്തേക്ക് ചെല്ലാൻ കഴിഞ്ഞില്ല. പത്തരയോടെ നൂറനാട് പോലീസും കായംകുളത്തുനിന്ന്‌ അഗ്നിരക്ഷാസേനയും സ്ഥലത്തുവന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ വടവും കയറും ഉപയോഗിച്ച് കുരുക്കിട്ടാണ് പശുവിനെ കീഴ്‌പ്പെടുത്തി കെട്ടിയിട്ടത്.

എസ്.ഐ.റെജൂബ്ഖാൻ, ഫയർ‌സ്റ്റേഷൻ ഇൻസ്‌പെക്ടർ വൈ.ഷെഫീക്ക് എന്നിവരുടെ സാന്നിധ്യത്തിൽ വെറ്ററിനറി സർജൻ പരിശോധിച്ചു. പേവിഷബാധയുടെ ലക്ഷണങ്ങളാണ് കാണിക്കുന്നതെന്ന് പറഞ്ഞു.