ആലപ്പുഴ : കുട്ടിപ്പോലീസായിരുന്നു ബെറിൻ ശ്രാവൺ. പഠനത്തിൽ മിടുക്കൻ. ഫൊറൻസിക് സയൻസ് പഠിക്കുകയാണ് അവന്റെ ലക്ഷ്യം. എന്നാൽ, പഠനത്തിന് ഒരു വഴിയുമില്ല. പണമില്ലാത്തിനാൽ ബെറിൻ ശ്രാവണിന്റെ പഠനം നിലച്ചിരിക്കുകയാണ്.

ചെട്ടിക്കുളങ്ങര സ്കൂളിലെ മുൻ എസ്.പി.സി. ആയിരുന്നു ബെറിൻ ശ്രാവൺ. 10-ാം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഹയർ സെക്കൻഡറിക്ക് 85 ശതമാനം മാർക്കു നേടി വീണ്ടും മികവു തെളിയിച്ചു. എന്നാൽ, ബെറിന്റെ വീട്ടിലെ സാഹചര്യം പരിതാപകരമാണ്. അച്ഛൻ നേരത്തേ മരിച്ചു. അമ്മ കൂലിപ്പണി ചെയ്താണു പഠിപ്പിച്ചത്. ഇപ്പോൾ അമ്മയും രോഗം ബാധിച്ചു പണിക്കു പോകാൻ പറ്റാത്ത അവസ്ഥയിലാണ്. കിടപ്പാടം സഹോദരിയുടെ വിവാഹത്തിനായി വിറ്റു.

ബെറിനും അമ്മയും വാടക വീട്ടിലാണു താമസിക്കുന്നത്. ഫൊറൻസിക് സയൻസ് പഠിക്കാൻ കോഴ്സ് ഫീസ് മാത്രം മൂന്നരലക്ഷം രൂപയോളം വരും. അതിനായി സ്പോൺസറെ അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. തുടർന്നു ബെറിൻ തന്നെ മുൻപു പരിശീലിപ്പിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സഹായം തേടി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിലെ പോലീസുദ്യോഗസ്ഥരും അധ്യാപകരും ചേർന്നു 60,500 രൂപ സമാഹരിച്ചുനൽകി.

ഗാന്ധിജയന്തി ദിനത്തിൽ ജില്ലാ പോലീസ് മേധാവി ജി. ജയദേവ് ബെറിൻ ശ്രാവണിന്റെ അമ്മയ്ക്കു തുക കൈമാറി. എന്നാൽ, ഈ തുക പ്രാഥമിക പഠനച്ചെലവിനേ തികയൂ. തുടർന്നു പഠിക്കുന്നതിനു സുമനസ്സുകളായ ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണു ബെറിനും അമ്മയും.