മങ്കൊമ്പ്: രണ്ടുദിവസത്തെ ശക്തമായ മഴയിൽ ജില്ലയിൽ രണ്ടാംകൃഷിയുടെ വിളവെടുപ്പ് നടക്കേണ്ട 95 പാടശേഖരങ്ങളിലെ നെൽച്ചെടികൾ വെള്ളത്തിലായി. നെടുമുടി-29, ചമ്പക്കുളം-13, ആലപ്പുഴ, കൈനകരി-11, അമ്പലപ്പുഴ വടക്ക്-ആറ്‌, അമ്പലപ്പുഴ തെക്ക്, പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, എടത്വാ-നാല് വീതം, പുറക്കാട്-മൂന്ന്, തകഴി-രണ്ട്, മണ്ണഞ്ചേരി, കരുവാറ്റ, ചെറുതന, രാമങ്കരി-ഒന്നുവീതം പാടശേഖരങ്ങളാണ് വെള്ളത്തിലായത്.

ഇവിടങ്ങളിൽ പമ്പിങ് നടത്തി വെള്ളംവറ്റിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മിക്ക പാടശേഖരങ്ങളിലും നെൽച്ചെടികൾ മഴയിൽവീണ് വെള്ളം അവയ്ക്ക് മുകളിലെത്തിയ നിലയിലാണ്. ചിലയിടത്ത് നേരത്തെവീണ നെൽച്ചെടികൾ ചീഞ്ഞിട്ടുണ്ട്.

രണ്ടാംകൃഷിക്കായി 132 പാടശേഖരങ്ങളിലായി 10,444 ഹെക്ടറിലാണ് വിത നടത്തിയത്. ഓഗസ്റ്റിലെ വെള്ളപ്പൊക്കത്തിനുശേഷം ഇതിൽ 7,670 ഹെക്ടറിലെ കൃഷിയാണ് അതിജീവിച്ചത്. നിലവിൽ 11 പാടശേഖരങ്ങളിലായി 554 ഹെക്ടറിലെ കൊയ്ത്ത് മാത്രമാണ് പൂർത്തിയായിട്ടുള്ളത്. ഇനി 121 പാടശേഖരങ്ങളിലായി 7,116 ഹെക്ടറിലെ കൊയ്ത്താണ് അവശേഷിക്കുന്നത്.

നിലവിൽ വെള്ളത്തിലായ പാടശേഖരങ്ങളിൽ ഭൂരിഭാഗവും ശരാശരി 110 ദിവസം പിന്നിട്ടവയാണ്. പരമാവധി 15 ദിവസത്തിനകം ഇവിടങ്ങളിൽ കൊയ്ത്ത് നടത്തണം. മഴ തുടരുന്ന സാഹചര്യത്തിൽ ഇത് കർഷകരെയും ആശങ്കയിലാക്കുന്നു. മഴ മാറിനിന്നാലും ചെളിനിറഞ്ഞ പാടശേഖരങ്ങളിൽ കൊയ്ത്തുയന്ത്രങ്ങൾ താഴ്‌ന്നുപോകാനുള്ള സാധ്യതയുണ്ട്.

നിലവിൽ കൊയ്ത്തുനടത്തിയ പാടശേഖരങ്ങളിലെ നെല്ല് കഴിഞ്ഞദിവസം സംഭരണം നടത്താതെ കെട്ടികിടക്കുകയാണ്. മഴ തുടർന്നാൽ നെല്ലിലെ ഈർപ്പം തുടങ്ങിയവ കണക്കാക്കി വിലയിൽ കർഷകർ വലിയ കിഴിവ് നൽകേണ്ട സാഹചര്യമുണ്ടാകും. നെല്ല് സംഭരണത്തിനായി ജില്ലയിൽ 43 മില്ലുകളാണ് കരാറിൽ ഒപ്പിട്ടിരിക്കുന്നത്.